പെരിയ കേസിലെ പ്രതികളെ ജയിലിൽ സന്ദർശിച്ചത് മനുഷ്യത്വപരം; പി.കെ ശ്രീമതി
കണ്ണൂർ: പെരിയ കേസിലെ സിപിഎം നേതാക്കളായ പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നതായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി. പ്രതികളെ ജയിലില്‍ എത്തി കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുന്‍ മന്ത്രി കൂടിയായ പി.കെ ശ്രീമതി.
'പ്രതികളെ കണ്ടു. വേഗം തന്നെ ഇറങ്ങാന്‍ പറ്റിയേക്കുമെന്നാണ് അറിയുന്നത്. ഇവര്‍ നാലുപേരുടേയും ശിക്ഷാവിധി മരവിപ്പിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. എം വി ഗോവിന്ദന്‍ മാഷ് കഴിഞ്ഞ ദിവസവും പറഞ്ഞില്ലേ ഇക്കാര്യം. മറ്റു പ്രതികളേയും കണ്ടു. കേസുമായി ബന്ധപ്പെട്ടൊന്നും സംസാരിച്ചിട്ടില്ല. അവരെ പോയി കാണുന്നത് മനുഷ്യത്വപരമല്ലേയെന്നും പി കെ ശ്രീമതി പറഞ്ഞു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ, ഡി.വൈ.എഫ്.ഐ നേതാവ് പി.പി ഷാജർ എന്നിവരും പി.കെ ശ്രീമതിയോടൊപ്പമുണ്ടായിരുന്നു.
പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളായ നാല് സിപിഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എംകെ ഭാസ്‌കരന്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ശിക്ഷ സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്.