രണ്ടായിരം വർഷം മുമ്പുള്ള കാര്യങ്ങൾ പറഞ്ഞ് പള്ളികൾ കുഴിച്ചു നോക്കുന്നത് നല്ലതിനല്ല : പി.കെ. കുഞ്ഞാലിക്കുട്ടി

kunjalikutty
kunjalikutty

കോഴിക്കോട് : ആയിരം വർഷം രണ്ടായിരം വർഷം മുമ്പുള്ള കാര്യങ്ങൾ പറഞ്ഞ് പള്ളികളിലും ആരാധനാലയങ്ങളിലും പോയി കുഴിച്ച​ുനോക്കുന്നത് നല്ലതിനല്ലെന്ന് പി.കെ. ​കുഞ്ഞാലിക്കുട്ടി.

ക​ുഴിച്ചുനോക്കുക എന്നത് ബോധപൂർവം നടത്തുന്ന പ്രവൃത്തിയാണ്. വൈകാര്യമായ സാഹചര്യം ഉണ്ടാക്കുകയാണ് ഇത്തരം പ്രവൃത്തിയിലൂടെ ലക്ഷ്യമിടുന്നത്. സംഭൽ സംഘർഷത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമാണുളളത്. അവസാനം അവർ പരാജയപ്പെടുകയേ ഉള്ളൂ. ഇപ്പോൾ അയോധ്യയിൽ നാം കണ്ടില്ലെ, പരാജയ​പ്പെട്ടു. പക്ഷെ, അതിനിടക്ക് വെടിവെപ്പും മറ്റും ഉണ്ടാകും. ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് മുൻപിൽ കണ്ടുകൊണ്ട് ഉണ്ടാക്കിയതാണിതെല്ലാമെന്ന് കുഞ്ഞാലിക്ക​ുട്ടി പറഞ്ഞു.

കലാപം അഴിച്ചു വിടാനുള്ള നീക്കമാണിവിടെ നടക്കുന്നത്. വർഗീയമായ ചേരിതിരിവ് സൃഷ്ടിക്കലാണിതിലൂടെ ലക്ഷ്യമിടുന്നത്. ഇത്, ലോകം ശ്രദ്ധിക്കുന്നുണ്ട്. വളരെ മോശമാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഭലിൽ നടന്നത് സർക്കാർ സ്​പോൺസേഡ് വെടിവെപ്പാണ് നടന്നത്. നിരവധി പേർ മരണപ്പെട്ടു. ഒരു പള്ളി കഴിഞ്ഞാൽ മറ്റൊരു പള്ളിയെന്ന നിലക്കാണ് ബി.ജെ.പി നയം. ഉത്തരേന്ത്യ മുഴുവൻ വർഗീയത പടർത്താൻ ശ്രമിക്കുകയാണവർ.

മണിപ്പൂരിലും സമാന അവസ്ഥയാണുള്ളത്. സംഭലിലേക്ക് ലീഗിന്റെ എം.പിമാരെ കടത്തിവിട്ടില്ല. അതിൽ, വലിയ പ്രതിഷേധമുണ്ട്. ഈ രാജ്യത്തെ ന്യൂനപക്ഷങ്ങൾ വലിയ ദുരിതം അനുഭവിക്കുകയാണ്. ഭരണഘടന ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകേണ്ട സാഹചര്യമാണുള്ളത്. പ്രിയങ്ക ഗാന്ധി ഈ വേളയിൽ സത്യപ്രതിജ്ഞ ചെയ്തത് ഏറെ ആശ്വാസം നൽകുകയാണ്. ആരാധനാലയങ്ങൾക്കുനേരെയുള്ള നീക്കം ബോധപൂർവ്വമാണ്. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ അനിവാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags