കേന്ദ്രത്തിൽ ഭരണമാറ്റം വരുക എത്ര സീറ്റ് കോൺഗ്രസ് പാർട്ടിക്ക് ലഭിച്ചു എന്നത്‌ എണ്ണിനോക്കിയാണ് : പി.കെ. കുഞ്ഞാലിക്കുട്ടി

kunjalikutty

കോഴിക്കോട്: കോൺഗ്രസിന്റെ സീറ്റ് എണ്ണിനോക്കിയാണ് കേന്ദ്രത്തിൽ ഭരണമാറ്റം വരുകയെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ ഭരണമാറ്റം വരുക എത്ര സീറ്റ് കോൺഗ്രസ് പാർട്ടിക്ക് ലഭിച്ചു എന്നത്‌ എണ്ണിനോക്കിയാണ്.

പാർലമെന്റിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യ മുന്നണിയെ സർക്കാർ രൂപീകരിക്കാൻ രാഷ്‌ട്രപതി ക്ഷണിക്കൂ. കോഴിക്കോട് ലോക്സഭാ യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി എലത്തൂർ നിയോജകമണ്ഡലത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ മുന്നണിയിൽ അർധസമ്മതത്തോട് കൂടി നിൽക്കുന്ന ഇവിടുത്തെ ഇടതുമുന്നണിയെ അല്ല മറിച്ചു ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് പാർട്ടിയുടെ എംപിമാരാണ് ബഹുഭൂരിപക്ഷം പാർലമെന്റിൽ എത്തേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജനാധിപത്യ ഇന്ത്യയെ തകർക്കുന്ന മോദിയുടെ ഏകാധിപത്യ ഫാസിസ്റ്റ് ഭരണകൂടത്തെ താഴെ ഇറക്കാനുള്ള പോരാട്ടത്തിനാണ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും പാർലമെന്റിലേക്ക് പോകുന്നത് അദ്ദേഹത്തിന് ശക്തി പകരാനായി എം.കെ. രാഘവനെ കോഴിക്കോട് നിന്നും വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക എന്നത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും ഉത്തരവാദിത്വമാണ്. കേരളത്തിലും ഇന്ത്യയിലാകെയും ഒരേ പോലെ കേന്ദ്രത്തിന് എതിരായാണ് ജനവിധി വരികയെന്നും അദ്ദേഹം പറഞ്ഞു.

എലത്തൂർ നിയോജകമണ്ഡലത്തിലെ പറമ്പിൽ ബസാറിൽ നടന്ന ഉദ്ഘാടനം പരിപാടിയിൽ വി.എം. മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി എം.കെ. രാഘവൻ. യു.ഡി.എഫ് നേതാക്കളായ എം.സി. മായിൻ ഹാജി, എൻ. സുബ്രഹ്മണ്യൻ, യു.സി. രാമൻ, അഡ്വ പി.എം. നിയാസ്, എം.എ. റസാഖ്, നിജേഷ് അരവിന്ദ്, കെ.എ. കാദർ, ഒ.പി. നസീർ, ടി.കെ. രാജേന്ദ്രൻ, ആഷിക് ചെലവൂർ, അക്കിനാരി മുഹമ്മദ്, കെ.പി. ബാബു, പി.എം. അബ്ദുറഹിമാൻ, സൗദ ഹസ്സൻ, കെ.കെ. സമദ് എന്നിവർ സംസാരിച്ചു.

Tags