മുനമ്പത്ത് നിന്ന് ഒരു കുടുംബത്തെയും കുടിയിറക്കാന്‍ അനുവദിക്കില്ല; പി.കെ. കൃഷ്ണദാസ്

PK Krishnadas
PK Krishnadas

തൃശൂര്‍: മുനമ്പത്തുനിന്ന് ഒരു കുടുംബത്തേയും കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. ഇത്തരം കുടിയിറക്കലുകള്‍ക്ക് ശാശ്വതമായ പരിഹാരം വഖഫ് നിയമം ഭേദഗതിയാണെന്നും കൃഷ്ണദാസ് തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വഖഫ് നിയമത്തിനാണോ കുടിയിറക്ക് ഭീഷണി നേരിടുന്ന പാവപ്പെട്ടവരുടെ ജീവനും സ്വത്തിനുമാണോ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വ്യക്തമാക്കണം. വഖഫ് നിയമത്തെയാണ് പിന്തുണയ്ക്കുന്നതെങ്കില്‍ കേരളത്തില്‍ മുനമ്പവും കുടിയിറക്കലുകളും ആവര്‍ത്തിക്കും. കുടിയിറക്കല്‍ നേരിടുന്നവരുടെ വേദനക്കൊപ്പമാണ് നിങ്ങള്‍ എങ്കില്‍ വഖഫ് നിയമത്തെ അംഗീകരിക്കാനാകില്ല.

വി.ഡി. സതീശന്‍ വഖഫ് നിയമ ഭേദഗതിയെ എതിര്‍ക്കുകയും കുടിയിറക്കപ്പെടുന്നവര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണ്. മുനമ്പത്ത് മാത്രമല്ല കേരളത്തില്‍ എവിടെയും ആരെയും കുടിയിറക്കാന്‍ എല്‍.ഡി.എഫിനോ, യു.ഡി. എഫിനോ കഴിയില്ല. ബി.ജെ.പി. അത്തരം നീക്കങ്ങളെ ശക്തമായി എതിര്‍ക്കും. സമാനമനസ്‌കരായ സാമുദായിക, രാഷ്ട്രീയ സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.

PK Krishnadas

വഖഫ് ചെയര്‍മാന്റെ കഴിഞ്ഞ ദിവസത്തെ ഇതു സംബന്ധിച്ച പ്രസ്താവന കുടിയിറക്കല്‍ ശ്രമങ്ങള്‍ വ്യാപകമായുണ്ടാകുമെന്നതിന്റെ സൂചനയാണ്. വി.ഡി. സതീശന്‍ പ്രതിയായ പുനര്‍ജനി കേസും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ വ്യാജ തിരിച്ചറിയല്‍ രേഖ കേസും സി.പി.എം. സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. രണ്ടു കേസിലും ഇതുവരെ കുറ്റപത്രം നല്കാന്‍ തയാറായിട്ടില്ല. ഇരുമുന്നണികളും തമ്മിലുള്ള ധാരണയാണ് ഇത് വെളിപ്പെടുത്തുന്നത്.

തൃശൂരിലെ വിജയം പാലക്കാടും ബി.ജെ.പി. ആവര്‍ത്തിക്കും. സുരേഷ് ഗോപിയുടെ വിജയം പൂരത്തിന്റെ അക്കൗണ്ടില്‍ പെടുത്തിയ പോലെ പാലക്കാട് ബി.ജെ.പി. വിജയം മുനമ്പത്തിന്റെ അക്കൗണ്ടില്‍ പെടുത്താനാണ് വി.ഡി. സതീശന്റെ ശ്രമം. എന്തായാലും പാലക്കാട് ബി.ജെ.പി.  വിജയിക്കുമെന്ന് സതീശന്‍ പരോക്ഷമായി സമ്മതിച്ചതില്‍ സന്തോഷമുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.