മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിൽസാ ചെലവ്; 29 ലക്ഷം അനുവദിച്ച ഉത്തരവ് റദ്ദാക്കി
pinarayi8

തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ളിനിക്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിൽസക്കായി 29.82 ലക്ഷം രൂപ അനുവദിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി. തുക അനുവദിച്ച് ഈ മാസം 13നാണ് പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇനി തുക കിട്ടാനായി പുതിയ അപേക്ഷ സമർപ്പിച്ച് അടുത്ത ഉത്തരവിറങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരും.

ജനുവരി 11 മുതൽ 26 വരെ അമേരിക്കയിൽ ചികിൽസക്കായി പോയതിന്റെ തുക മുഖ്യമന്ത്രിക്ക് അനുവദിക്കുന്നതിലെ നടപടി ക്രമങ്ങളിലാണ് പാളിച്ചയുണ്ടായിരിക്കുന്നത്. മാർച്ച് 30ന് മുഖ്യമന്ത്രി നേരിട്ടാണ് അപേക്ഷ നൽകിയത്.

തുടർ പരിശോധനയിൽ ക്രമപ്രകാരമല്ലാതെയോ അധികമായോ തുക നൽകിയതായി കണ്ടാൽ തിരിച്ചടക്കേണ്ടി വരുമെന്ന് പണം അനുവദിച്ച ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട്. ഇത് സ്വാഭാവികമാണെന്നും അധികൃതർ പറയുന്നു. എന്നാൽ, ഇതിന് പിന്നാലെയാണ് പൊതുഭരണ വകുപ്പ് ഉത്തരവ് റദ്ദാക്കിയത്. മുൻ ഉത്തരവിൽ പിഴവുണ്ടെന്നാണ് വസ്‌തുതാപരമായ വിശദീകരണം.

ആദ്യ അപേക്ഷ മുഖ്യമന്ത്രി നേരിട്ടാണ് നൽകിയിരുന്നത്. ഈ അപേക്ഷയിൽ അധിക തുക വാങ്ങിയത് കണ്ടെത്തിയാൽ തിരിച്ചടക്കണമെന്ന നിഷ്‌കർഷിച്ചതാണ് പിഴവായതെന്നാണ് അനുമാനം. പിഴവ് തിരുത്തി പുതിയ ഉത്തരവ് ഇറക്കുന്നതിന് മുഖ്യമന്ത്രിക്ക് പകരം പ്രൈവറ്റ് സെക്രട്ടറി പുതിയ അപേക്ഷ നൽകുമെന്നാണ് വിവരം. പിന്നീട് തുക അനുവദിക്കുന്നതിനായി പുതിയ ഉത്തരവ് ഇറക്കും.

29,82,039 രൂപയാണ് മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിൽസക്കായി ചെലവായത്. ഭരണത്തലവന് വേണ്ടിയുള്ള പ്രധാന ഉത്തരവിൽ കീഴിലുള്ള വകുപ്പിന് പാളിച്ചയുണ്ടായി എന്നതാണ് ചർച്ചകൾക്ക് വഴിവെക്കുന്നത്.

Share this story