ലാവ്നിൽ കേസിൽ പിണറായി വിജയൻ ഡിസംബറിന് മുമ്പ് അറസ്റ്റിലാകും : പി സി ജോർജ്

pc george
pc george

കോട്ടയം: ലാവ്നിൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബറിന് മുമ്പ് അറസ്റ്റിലാകുമെന്ന് മുൻ എം.എൽ.എ പി.സി. ജോർജ്. ലാവ്നിൽ കേസ് നീട്ടിക്കൊണ്ടു പോകുന്നത് കോടതിയാണ്. അഭിഭാഷകരെ കേരള സർക്കാർ മാറ്റിമാറ്റി വെക്കുകയാണ്. ഇതുവരെ 42 കോടിയാണ് കേരള സർക്കാർ കേസിനായി ചെലവഴിച്ചത്.

വലിയ തെറ്റാണത്. നവംബർ അവസാനം വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി ഹൈകോടതിയുടെ ഉത്തരവുണ്ട്. ഈ ഡിസംബറിനു മുമ്പ് പിണറായി വിജയൻ അറസ്റ്റിലാകും, ജയിലിൽ പോകും -പി.സി. ജോർജ് പറഞ്ഞു.

പി.വി. അൻവറും മുഖ്യമന്ത്രിയും കാട്ടുകള്ളന്മാരാണെന്നു പറഞ്ഞ പി.സി. ജോർജ്, അൻവറിന്‍റെ ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. അൻവർ പറഞ്ഞ ആരോപണമെല്ലാം ശരിയാണ്. മുഖ്യമന്ത്രി രാജി വെക്കണം. മുഖ്യമന്ത്രിക്കും സി.പി.എം നേതൃത്വത്തിനും എതിരെ വർഷങ്ങളായി നിലനിൽക്കുന്ന ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. 98 ശതമാനം സ്വർണക്കടത്ത് കേസ് മലപ്പുറത്താണ് നടക്കുന്നത്. എല്ലാം അറിയാമായിരുന്നിട്ടും എന്തുകൊണ്ട് അൻവർ ഇത് നേരത്തെ വെളിപ്പെടുത്തിയില്ലെന്നും പി.സി. ജോർജ് ആരാഞ്ഞു.

എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കണ്ടതിൽ തെറ്റില്ലെന്നും കേരളത്തിലെ ക്രമസമാധാന പ്രശ്നവും സംസാരിക്കാമല്ലോ എന്നും ജോർജ് പറഞ്ഞു. പാണക്കാട് തങ്ങളെ എ.ഡി.ജി.പി കണ്ടതിൽ ആർക്കും പരാതി ഇല്ലെന്നും എ.ഡി.ജി.പി കൊള്ളക്കാരനാണെന്നും അയാളെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു.

ഇടതുപക്ഷം തകർന്നു തരിപ്പണമായി. സി.പി.എമ്മിന് ഒരു പാർട്ടിയെന്ന നിലയിൽ തുടരാനാകില്ല. പ്രതിപക്ഷവും എൽ.ഡി.എഫും ഒറ്റക്കെട്ടാണ്. ബി.ജെ.പിയെ ആശ്രയിക്കാതെ പൊതുജനങ്ങൾക്ക് ജീവിക്കാനാകാത്ത സ്ഥിതിയാണെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു.

Tags