സ്പോർട്ട് ബുക്കിംഗ് കേന്ദ്രം നിലയ്ക്കലിലേക്ക് മാറ്റാനൊരുങ്ങി ദേവസ്വം ബോർഡ്; ആശയക്കുഴപ്പത്തിലായി തീർത്ഥാടകർ

Restrictions on devotees at Sabarimala on Mandala - Makaravilakku pooja days
Restrictions on devotees at Sabarimala on Mandala - Makaravilakku pooja days

ശബരിമല: സ്പോർട്ട് ബുക്കിംഗ് കേന്ദ്രം നിലയ്ക്കലിലേക്ക് മാറ്റുവാനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിന് പിന്നാലെ ആശയക്കുഴപ്പത്തിലായി തീർത്ഥാടകർ. മണ്ഡലകാല ആരംഭം മുതൽ നിലയ്ക്കലിൽ ആരംഭിക്കേണ്ടിയിരുന്ന കൗണ്ടർ മകരവിളക്കിന് ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ നിലക്കലിലേക്ക് മാറ്റുവാൻ ദേവസ്വം ബോർഡ് തിടുക്കത്തിൽ എടുത്ത തീരുമാനമാണ് തീർത്ഥാടകരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.  

പമ്പയിൽ പ്രവർത്തിക്കുന്ന ഏഴ് കൗണ്ടറുകളും വ്യാഴാഴ്ച മുതൽ നിലക്കലിലേക്ക് മാറ്റും എന്ന അറിയിപ്പ് ബുധനാഴ്ച വൈകിട്ടോടെയാണ് മാധ്യമങ്ങൾക്ക് അടക്കം നൽകിയത്. അപ്രതീക്ഷിതമായി ഉള്ള കൗണ്ടർ മാറ്റം ഇതര സംസ്ഥാന തീർത്ഥാടകർക്കാവും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുക. ചെറുവാഹനങ്ങളിൽ പമ്പയിലേക്ക് എത്തുന്ന ഇതര സംസ്ഥാന തീർത്ഥാടകർ അടക്കമുള്ളവർ പമ്പയിൽ എത്തിയശേഷം മാത്രമാവും പമ്പയിലെ സ്പോട്ട് ബുക്കിംഗ് കേന്ദ്രം നിർത്തലാക്കിയ വിവരം അറിയുക. 

ഇതോടെ സ്പോട്ട് ബുക്കിംങ്ങിനായി തീർത്ഥാടകരുമായി വാഹനങ്ങൾ പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് പോകുന്നത് വൻ ഗതാഗതക്കുരുക്കിനും കാരണമായേക്കാം. മകരവിളക്കിന് കേവലം അഞ്ചു ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് തുടരുകയാണ്. ഈ അവസരത്തിൽ സ്പോർട്ട് ബുക്കിംഗ് കേന്ദ്രം നിലയ്ക്കലിലേക്ക് മാറ്റുന്നത് തീർത്ഥാടകരെ കൂടുതൽ ദുരിതത്തിൽ ആക്കാൻ ഇടയാക്കും എന്ന ആശങ്കയാണ് ഉയരുന്നത്.