പെട്ടിമുടി ദുരന്തം : ചെറു സ്വപ്നങ്ങൾക്കുമേൽ കൂറ്റൻ മലയിടിഞ്ഞ് വീണിട്ട് ഇന്നേക്ക് 2 വർഷം
pettimudi-tragedy

കേരളത്തിൻ്റെ കണ്ണീരോർമയായ പെട്ടിമുടി ദുരന്തം നടന്നിട്ട് ഇന്നേക്ക് രണ്ട് വർഷം. നിരാലംബരായ 70 ലധികം തൊഴിലാളികളുടെ ചെറു സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ദുരന്തത്തിൽ മണ്ണിനടിയിലായത്. കാണാതായ നാല് പേരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെടുക്കാനായിട്ടില്ല. 2020 ആഗസ്റ്റ് ആറിന് രാത്രി പത്തരയോടെയായിരുന്നു പെട്ടിമുടിക്ക്മേൽ കൂറ്റൻ മലയിടിഞ്ഞ് മൂടിയത്.

മല മുകളില്‍ നിന്ന് പൊട്ടി അലച്ചെത്തിയ ഉരുള്‍ പ്രതീക്ഷകളുടെ അമിത ഭാരമില്ലാത്ത പെട്ടിമുടിയെ വളരെ പെട്ടെന്ന് മൂടിക്കളഞ്ഞു. മണ്ണിനും കല്ലിനും ഇടയില്‍പ്പെട്ട് 70 ജീവനുകൾ പൊലിഞ്ഞുവെന്ന് പുറം ലോകമറിഞ്ഞത് പോലും ഒരു ദിവസത്തിന് ശേഷം.
വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താറുമാറായതിനാല്‍ രാത്രിയില്‍ നടന്ന സംഭവം പുറം ലോകമറിയാൻ ഏറെ വൈകി. ജീവനോടെ അവശേഷിച്ച തൊഴിലാളികളിലൊരാൾ കിലോമീറ്ററുകളോളം നടന്ന് രാജമലയിലെത്തിയാണ് വിവരം പുറത്തറിയിച്ചത്.

ദുരന്തത്തിൻ്റെ വ്യാപ്തി പുറംലോകത്തറിഞ്ഞതോടെ സംസ്ഥാനമൊന്നാകെ പെട്ടിമുടിയിലേക്ക് ചുരുങ്ങി. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു. തുടർന്ന് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിന് പെട്ടിമുടി സാക്ഷ്യം വഹിച്ചു.
പ്രദേശത്തേക്കുള്ള പ്രധാന യാത്രാമാർഗമായ പെരിയവര പാലം കനത്ത മഴയില്‍ തകര്‍ന്നതിനാൽ രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും ദുരന്തസ്ഥലത്തെത്താന്‍ കഴിഞ്ഞില്ല. ദുരന്തത്തിൽ നിന്നും 12 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.

പെയ്തിറങ്ങിയ മഴ വകവയ്ക്കാതെ 19 ദിവസമാണ് കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തിയത്. അഞ്ഞൂറിലേറെപ്പേര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേർന്നു. ദുരന്ത സ്ഥലത്തു നിന്നും കിലോമീറ്ററുകൾ ദൂരെ നിന്നുവരെ രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ഗര്‍ഭിണികൾ, മാതാപിതാക്കളെ കെട്ടിപ്പിടിച്ചുറങ്ങിയ കുഞ്ഞുങ്ങള്‍ തുടങ്ങി മണ്ണിൽ പുതഞ്ഞ 66 പേരുടെ ചേതനയറ്റ ശരീരങ്ങൾ കരക്കെത്തിച്ചു. നാല് പേരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല.

ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപാ വീതം ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ എല്ലാം നഷ്ടമായ രക്ഷപ്പെട്ട എട്ട് കുടുംബാംഗങ്ങള്‍ക്ക് കുറ്റിയാര്‍വാലിയില്‍ സര്‍ക്കാരും കണ്ണൻദേവൻ കമ്പനിയും ചേർന്ന് സുരക്ഷിതമായ താമസ സൗകര്യമൊരുക്കി.
അതും രണ്ടു മാസത്തിനകം. ഒരേ സ്ഥലത്ത് താമസിച്ച് ഒരിടത്ത് ജോലി ചെയ്ത് ജീവിച്ചവർക്ക് മരണ ശേഷവും ഒരിടത്ത് തന്നെയാണ് അന്ത്യവിശ്രമവും ഒരുക്കിയത്. പെട്ടിമുടി വഴി കടന്നു പോകുന്നവർക്ക് ഇന്നും നൊമ്പരക്കാഴ്ചയാണ് ആ ബലികുടീരങ്ങൾ.
 

Share this story