കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

sanju

കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വ്‌ളോഗര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ സംസ്ഥാന ഗതാഗത വകുപ്പ് കമ്മിഷണര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.ഗതാഗത നിയമം ലംഘിച്ചതിന് പൊലീസ് കേസെടുത്തതായും വാഹന രജിസ്‌ട്രേഷന്‍ ഉള്‍പ്പടെ റദ്ദാക്കിയെന്നുമാണ് ആലപ്പുഴ ആര്‍ടിഒയുടെ റിപ്പോര്‍ട്ട്.

കുറ്റകൃത്യം സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാക്കി ആലപ്പുഴ ജെഎഫ്എംസി കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്ന കാര്യവും ഗതാഗത കമ്മിഷണര്‍ ഹൈക്കോടതിയെ അറിയിക്കും.സഞ്ജുവും കാര്‍ ഓടിച്ച സൂര്യനാരായണനുമാണ് കേസില്‍ പ്രതികള്‍. ആറ് മാസം മുതല്‍ ഒരുവര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന, അപകടമുണ്ടാക്കുന്ന രീതിയില്‍ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. സുരക്ഷിതമല്ലാത്ത വാഹനം റോഡില്‍ ഓടിച്ചതിനുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഈ കുറ്റത്തിന് മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കാം. കേസില്‍ പ്രതികള്‍ കോടതിയില്‍ വിചാരണ നേരിടണം.

Tags