'സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കണം'; പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

high court

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദമായ മറുപടി സത്യവാങ്മൂലം നല്‍കിയേക്കും. സാമ്പത്തിക വിദഗ്ധയും യൂണിവേഴ്‌സിറ്റി കോളജ് മുന്‍ പ്രൊഫസറുമായ ഡോ. മേരി ജോര്‍ജ്ജ് നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എംഎ അബ്ദുല്‍ ഹക്കിം എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്.

സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും താത്കാലിക വിസിമാര്‍ ആണ് ചുമതല വഹിക്കുന്നത്. ഇത് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന് ആണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ ആക്ഷേപം. ഗവര്‍ണറെ കുറ്റപ്പെടുത്തി ആണ് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ മറുപടി നല്‍കിയത്. സര്‍വകലാശാല നിയമങ്ങളില്‍ നിയമസഭ ഭേദഗതി വരുത്തിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

Tags