പെരിയ ഇരട്ടക്കൊലകേസ് വിധി ; സി.പി.എമ്മിന് തിരുത്താൻ ഒന്നുമില്ലെന്ന് ഇ.പി .ജയരാജൻ
കണ്ണൂർ: പെരിയ ഇരട്ടക്കൊലകേസ് വിധിയുടെ പശ്ചാത്തലത്തിൽ സി.പി.എമ്മിന് തിരുത്താനായി ഒന്നുമില്ലെന്ന് ഇ.പി. ജയരാജൻ. ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. വയനാട്ടിൽ ഡി.സി.സി ട്രഷററും മകനും മരിച്ചത് കോൺഗ്രസ് നടത്തിയ ഇരട്ടക്കൊലയാണ്.
പെരിയ കേസിൽ നിരപാരാധിത്വം തെളിയിക്കാൻ നിയമപോരാട്ടം തുടരും. കോൺഗ്രസ് നടത്തിയ കൊലപാതകം മാദ്ധ്യമങ്ങൾ കണ്ടില്ലെന്ന് നടിക്കുയാണ്. സി.പി.എം കൊലപാതകം നടത്തുന്ന പാർട്ടിയല്ല.
രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വേണ്ടി സി.പി.എമ്മിനെ പോലുള്ള ഒരു ഇടതുപക്ഷ പ്രസ്ഥാനത്തെ ദുർബലപ്പെടുത്താൻ സി.ബി.ഐയെ ഉപയോഗിക്കുന്നതിനെതിരായി ശക്തമായ നിലപാടുതന്നെ ഞങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആത്മകഥാ വിവാദത്തിൽ ഡി.സി ബുക്‌സ് കുടുങ്ങുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ഇ.പി പറഞ്ഞു. എഴുതിക്കൊണ്ടിരിക്കുന്ന ബുക്ക് പ്രസിദ്ധീകരിക്കുമെന്ന് ഇല്ലാത്ത കാര്യം പറഞ്ഞത് വ്യക്തിഹത്യയാണ്. എഴുതാത്ത കാര്യം പ്രചരിപ്പിച്ചത് പൊലീസ് കണ്ടുപിടിക്കണം.
പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്തും വ്യക്തിഹത്യ നടന്നു. ബി.ജെ.പി നേതാവ് ജാവ്ദേക്കർ കണ്ടത് തന്നെ മാത്രമല്ല, പി.കെ. കുഞ്ഞാലിക്കുട്ടിയേയും ചെന്നിത്തലയേയും കണ്ടിട്ടുണ്ട്.എന്നാൽ തന്നെ മാത്രം കണ്ടത് വിവാദമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.