പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

pramod

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. പെരിയ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയയെ ചുമതലകളില്‍ നിന്ന് നീക്കി. കെപിസിസിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ് പ്രമോദ് പെരിയ പങ്കെടുത്തത്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി ഭക്തവത്സലനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങില്‍ പ്രമോദ് പെരിയ പങ്കെടുത്തത് വിവാദമായിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയും അതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്‌തെന്നതാണ് പ്രമോദ് പെരിയക്കെതിരെ പാര്‍ട്ടി കണ്ടെത്തിയ അച്ചടക്കലംഘനം. താത്കാലികമായി അന്വേഷണ വിധേയമായാണ് ഇപ്പോഴത്തെ നടപടി. തുടര്‍ന്നുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.

യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കൊലപാതകം ജില്ലയില്‍ സിപിഐഎം നെതിരെ കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കുമ്പോഴാണ് പ്രദേശത്തെ മണ്ഡലം പ്രസിഡന്റ് പ്രതിയുടെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാദമായതോടെ ബാലകൃഷ്ണന്റെ ബന്ധു ക്ഷണിച്ചിട്ടാണ് പങ്കെടുത്തതെന്ന് പ്രമോദ് പെരിയ വ്യക്തമാക്കിയിരുന്നു.

Tags