പേരാമ്പ്ര അനു കൊലപാതക കേസ്; പ്രതി മുജീബിനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും

google news
anu

പേരാമ്പ്ര അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്മാനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. സംഭവം നടന്ന നൊച്ചാട് ആളൊഴിഞ്ഞ തോടിന് സമീപമായിരിക്കും തെളിവെടുപ്പ്. പ്രതി കൊലപാതക സമയത്ത് ഉപയോഗിച്ച ബൈക്ക് മട്ടന്നൂരില്‍ നിന്നും മോഷ്ടിച്ചതായിരുന്നു. ഇന്നലെ അവിടെയെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതി മുജീബ് റഹ്മാനെ പേരാമ്പ്ര രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. സംഭവം നടന്ന നൊച്ചാടെ തോടിന് സമീപം എത്തിച്ച് തെളിവെടുപ്പ് നടത്താനായിരുന്നു പൊലീസിന്റെ ആദ്യ ശ്രമം. എന്നാല്‍ പ്രദേശത്ത് ആളുകള്‍ കൂടിയതോടെ പൊലീസ് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. കൊലപാതകത്തിനായി പ്രതി എത്തിയ ബൈക്ക് മോഷ്ടിച്ചതാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിയെ പോലീസ് സാഹസികമായി പിടികൂടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കൊലപാതകം നടത്തിയ പ്രദേശത്ത് നേരത്തെയും പ്രതി എത്തിയതാണ് പോലീസ് കണ്ടെത്തല്‍. അറുപതോളം കേസുകളില്‍ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ മുജീബ് റഹ്മാന്‍. പിടികൂടാന്‍ ശ്രമിക്കവെ മുജീബിന്റെ ആക്രമണത്തില്‍ ഒരു പോലീസുകാരന് കൈക്ക് പരുക്കേറ്റിരുന്നു. പ്രതിയുടെ വീട്ടില്‍ നിന്നും മാരകായുധങ്ങളും പോലീസ് കണ്ടെടുത്തിരുന്നു. സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അതിക്രൂരമായി പേരാമ്പ്ര സ്വദേശി അനുവിനെ കൊലപ്പെടുത്തിയത്.

Tags