തൃക്കാക്കരയിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പിഡിപി
pdpflag

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പിഡിപി സംസ്ഥാന നേതൃത്വം. കഴിഞ്ഞ നിമയസഭാ തെരഞ്ഞെടുപ്പിലും പിഡിപി ഇടതുമുന്നണിക്കാണ് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. തൃക്കാക്കരയുടെ വികസനത്തിന് എൽഡിഎഫാണ് വിജയിക്കേണ്ടത്. തൃക്കാക്കരയിൽ പിഡിപിക്ക് 5000 വോട്ടുകളാണുള്ളത്. അനുഭാവികളുടെ ഉൾപ്പടെ വോട്ട് എൽഡിഎഫിന് ലഭ്യമാക്കാൻ പരിശ്രമിക്കുമെന്നും പിഡിപി വ്യക്തമാക്കി.

ട്വന്റി-20 വർഗീയ കക്ഷിയല്ലെന്നും അവരുടെ പിന്തുണ കോൺഗ്രസ് സ്വീകരിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. ട്വന്റി-20 യുമായി യുഡിഎഫിന് അഭിപ്രായ വ്യത്യാസം ഇല്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ അവര്‍ പിന്തുണ തന്നാൽ സ്വാഗതം ചെയ്യും. പരസ്യമായി തന്നെ വോട്ടഭ്യർത്ഥന നടത്തുകയാണെന്നും മുരളീധരൻ പറഞ്ഞു.

പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സുവർണ്ണാവസരമെന്ന മുഖ്യമന്ത്രിയുടെ പരാമർശം തെറ്റായി പോയി. മുഖ്യമന്ത്രിയുടെ നിലപാടുകളെയാണ് യുഡിഎഫ് വിമർശിക്കുന്നത്. മുഖ്യമന്ത്രിക്ക് അമേരിക്കയില്‍ പോയി വന്നതില്‍ പിന്നെ എന്ത് പറ്റിയെന്ന് അറിയില്ലെന്നും മുരളീധരൻ വിമർശിച്ചു.

തൃക്കാക്കര മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രം നോക്കേണ്ടെന്നും ശക്തമായ പ്രവർത്തനം വഴി എതിരാളികളുടെ കുത്തക മണ്ഡലം പിടിച്ച രീതി തൃക്കാക്കരയിലും ആവർത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് മുമ്പ് ബൂത്ത് സെക്രട്ടറിമാർ ഓരോ ബൂത്തിലും ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രചാരണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടണമെന്നും ലോക്കൽ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി നി‍ർദേശിച്ചു. തൃക്കാക്കര ഈസ്റ്റ് ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തത്.

മൂന്ന് ദിവസം കൊണ്ട് പത്ത് ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. താഴേത്തട്ടിലെ യോഗങ്ങളിൽ പങ്കെടുത്ത് മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രി പ്രചാരണം ഏകോപിപ്പിക്കുന്നത്. തൃക്കാക്കരയിൽ തുടരുന്ന മുഖ്യമന്ത്രി അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ തലസ്ഥാനത്തേക്ക് മടങ്ങൂ. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരും 60 എംഎൽഎമാരും മണ്ഡലത്തിൽ സജീവമാണ്.

Share this story