പത്തനംതിട്ട അപകടം: കാറിന് തകരാറുകളില്ലായിരുന്നു

hashim

പത്തനംതിട്ട അടൂര്‍ പട്ടാഴിമുക്കില്‍ ഹാഷിമിന്റേയും അനുജയുടേയും മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട കാറിന് സാങ്കേതിക തകരാര്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പരിശോധനാഫലം. അപകടത്തില്‍ പെട്ട കാര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. കാറിന്റെ ബ്രേക്ക് സംവിധാനം കാര്യക്ഷമമായിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. മറ്റ് സാങ്കേതിക തകരാറുകളൊന്നും കാറിന് ഇല്ലായിരുന്നുവെന്നും പരിശോധനയില്‍ വ്യക്തമായി.

കാര്‍ അമിത വേഗത്തില്‍ ദിശതെറ്റി വന്ന് കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിയ്ക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവര്‍ റംസാന്‍ മൊഴി നല്‍കിയിരുന്നു. ഹാഷിം മനഃപൂര്‍വ്വം കാര്‍ ലോറിയിലേക്ക് ഇടിച്ച് കയറ്റിയതാണോ അതോ നിയന്ത്രണം വിട്ട് ഇടിച്ചതാണോ എന്നും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കാറിനുള്ളില്‍ ഹാഷിമും അനുജയും തമ്മില്‍ വാക്ക് തര്‍ക്കവും മര്‍ദ്ദനത്തിനുള്ള ശ്രമവും നടന്നതായും പോലീസിന് സംശയമുണ്ട്.
മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനായി അനുജയുടെയും ഹാഷിമിന്റെയും ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു. ഹാഷിമിന്റെ ഫോണില്‍ നിന്നും ഏറ്റവും അവസാനം പുറത്തേക്ക് പോയ കോള്‍ അനുജയ്ക്കായിരുന്നുവെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. ഹാഷിമിന്റേയും അനുജയുടേയും മരണകാരണം വാഹനാപകടത്തിലേറ്റ പരിക്കാണെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിലുണ്ടായിരുന്നു.


അപകടത്തില്‍ പെട്ട കാറിനുള്ളില്‍ നിന്നും പൊട്ടിയ നിലയില്‍ മദ്യക്കുപ്പി കണ്ടെത്തിയിരുന്നു. ഹാഷിം അമിതമായി മദ്യപിച്ചിട്ടുണ്ടായിരുന്നോ വിഷാംശം എന്തെങ്കിലും ശരീരത്തില്‍ ഉണ്ടായിരുന്നോ എന്നെല്ലാം രാസപരിശോധനാ ഫലത്തില്‍ നിന്ന് വ്യക്തമാകും. ഇവരുടെ അടുപ്പത്തെപ്പറ്റി ബന്ധുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ഒരു വിവരമുണ്ടായിരുന്നില്ല. എത്ര നാള്‍ മുതല്‍ ഇവര്‍ തമ്മില്‍ പരിചയമുണ്ട്, അപകടമുണ്ടായ ദിവസം ഇവര്‍ തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നോ, എന്തെങ്കിലും തരത്തില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ അയച്ചിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹരിയാന സ്വദേശി റംസാനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Tags