പാർട്ടി കോൺഗ്രസിൽ സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചത് തെറ്റ് ; പരാതി കിട്ടിയാൽ നടപടി

google news
mvd

കണ്ണൂർ : കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ വന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ യാത്രക്കായി സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചത് തെറ്റെന്ന് മോട്ടോർ വാഹനവകുപ്പ്. നടപടി നിയമപരമായി തെറ്റാണ്. പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും കണ്ണൂർ ആർടിഒ വ്യക്‌തമാക്കി.

യെച്ചൂരി സഞ്ചരിച്ചത് ക്രിമിനൽ കേസിലെ പ്രതിയുടെ വാഹനത്തിലാണെന്ന് ബിജെപി ആരോപണവുമായി രംഗത്തെത്തിയതോടെയാണ് വിവാദം ഉയർന്നത്. യെച്ചൂരി ഉപയോഗിച്ചത് എസ്‌ഡിപിഐ പ്രവർത്തകന്റെ കാറാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. എന്നാൽ, ട്രാവൽ ഏജൻസി വഴിയെടുത്ത കാറാണ് പാർട്ടി കോൺഗ്രസിന് എത്തിയപ്പോൾ സീതാറാം യെച്ചൂരി ഉപയോഗിച്ചതെന്നാണ് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ വ്യക്‌തമാക്കിയിരുന്നത്.

അതേസമയം, ബിജെപിയുടെ ആരോപണം ശുദ്ധഅസംബന്ധമാണെന്ന് കാർ ഉടമ നാദാപുരം സ്വദേശി സിദ്ദിഖ് പുത്തൻപുരയിൽ പറഞ്ഞു. പവിത്രൻ എന്നഒരാൾക്ക് റെന്റ് എ കാർ വ്യവസ്ഥയിലാണ് വാഹനമാ വിട്ടുനൽകിയത്. മുമ്പും ഇയാൾക്ക് ഇത്തരത്തിൽ വാഹനം കൈമാറിയിട്ടുണ്ട്. താൻ എസ്‌ഡിപിഐ അല്ല, മുസ്‌ലിം ലീഗ് പ്രവർത്തകനാണെന്നും കാർ ഉടമ പറഞ്ഞു.

സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചത് വലിയ രീതിയിൽ ചർച്ച ആയതോടെയാണ് വിശദീകരണവുമായി മോട്ടോർ വാഹനവകുപ്പ് രംഗത്തെത്തിയത്. സ്വകാര്യ വാഹനം ടാക്‌സിയായി ഓടിച്ചാൽ 3000 രൂപയാണ് പിഴ. വീണ്ടും കുറ്റം ആവർത്തിച്ചാൽ 10,000 രൂപ പിഴ നൽകണം. നിയമലംഘനം തുടർന്നാൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ അടക്കം സസ്‌പെൻഡ് ചെയ്യും. പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും കണ്ണൂർ ആർടിഒ വ്യക്‌തമാക്കി.

Tags