പാര്‍ട്ടി ഓഫിസില്‍ സംഘര്‍ഷം; പിന്നാലെ കുഴഞ്ഞുവീണ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു

death


കോട്ടയം : പാര്‍ട്ടി ഓഫിസിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. കോട്ടയം കടപ്‌ളാമറ്റം പഞ്ചായത്ത് പ്രസിഡന്റും കേരള കോണ്‍ഗ്രസ് എം നേതാവുമായ ജോയ് കല്ലുപുരയാണ് (77) മരിച്ചത്. ഈ മാസം ഏഴിനാണ് കടപ്‌ളാമറ്റത്തെ കേരള കോണ്‍ഗ്രസ് എം ഓഫിസില്‍ ജോയ് കുഴഞ്ഞു വീണത്. ജോയിക്ക് കേരള കോണ്‍ഗ്രസ് എം നേതാക്കളില്‍ നിന്ന് മാനസിക പീഡനം ഉണ്ടായെന്ന് കാട്ടി ഭാര്യ ലിസമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ജോയി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് സംഘര്‍ഷമുണ്ടായതും ജോയ് കുഴഞ്ഞു വീണതും. 

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് തോമസ് പുളിക്കിക്കെതിരെയാണ് ജോയിയുടെ ഭാര്യ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നിലവില്‍ പഞ്ചായത്ത് മെമ്പറായ  പുളിക്കിയുടെ ഭാര്യ ബീന തോമസിനെ പഞ്ചായത്ത് പ്രസിഡന്റാക്കാനുള്ള നിര്‍ബന്ധ ബുദ്ധിയാണ് ഇതിന് പിന്നിലെന്നും ഇവര്‍ ആരോപിക്കുന്നു. പാര്‍ട്ടി ഓഫീസില്‍ വൈകീട്ട് 5.30 ന് ചേര്‍ന്ന പാര്‍ട്ടി അംഗങ്ങളുടെ യോഗത്തില്‍ ജോയിയെ അപമാനിക്കുകയും തോമസ് അടക്കമുള്ളവര്‍ കയ്യേറ്റം ചെയ്യുകയും ചെയ്‌തെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ലിസമ്മ പറയുന്നു.
 

Share this story