പാർട്ടി കോൺഗ്രസ് ; പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ സി.പി.എമ്മിൽ വർധന


മധുര : പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ സി.പി.എമ്മിൽ വർധന. 2022 കണ്ണൂർ പാർട്ടി കോൺഗ്രസിൽ അംഗസംഖ്യ 9,85,757 ആയിരുന്നത് ഇപ്പോൾ 10,19,009 ആണ്. എന്നാൽ, പാർട്ടി അംഗങ്ങളിൽ മുസ്ലിം, ദലിത് പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറവാണ്. മുസ്ലിം ദലിത് വിഭാഗങ്ങളെ പാർട്ടി മെംബർഷിപ്പിലേക്ക് ആകർഷിക്കാൻ ജാഗ്രതയോടുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്ന് പാർട്ടി കോൺഗ്രസ് സംഘടന റിപ്പോർട്ട് എടുത്തുപറയുന്നു. പാർട്ടി അംഗങ്ങളിൽ വനിതകളുടെയും യുവജനങ്ങളുടെയും എണ്ണത്തിലും കേരളമാണ് മുന്നിൽ.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ കേരളത്തിൽ 28,000 സ്ത്രീകൾ പുതുതായി പാർട്ടി അംഗത്വം എടുത്തു. ഇതോടെ സംസ്ഥാനത്ത് പാർട്ടി അംഗങ്ങളിൽ വനിത പ്രാതിനിധ്യം 19.8 ശതമാനത്തിൽനിന്ന് 22.08 ശതമാനത്തിലേക്ക് ഉയർന്നു. എന്നാൽ, ലോക്കൽ തലംവരെയുള്ള പാർട്ടി കമ്മിറ്റികളിൽ വനിതകൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. അത് ഇപ്പോഴും 17 ശതമാനത്തിൽ താഴെയായി തുടരുന്നു. ഈ കുറവ് നികത്താൻ കീഴ് ഘടകങ്ങളിൽ നിശ്ചിത ശതമാനം വനിത ക്വോട്ട നിശ്ചയിക്കാവുന്നതാണെന്ന് സംഘടനാ റിപ്പോർട്ടിൽ നിർദേശമുണ്ട്. ബംഗാളിലെ അംഗങ്ങളിൽ സ്ത്രീകളുടെ അനുപാതം 10 ശതമാനമായി മാറ്റമില്ലാതെ തുടരുമ്പോൾ ത്രിപുരയിൽ അത് 20.3 ൽനിന്ന് 15.9 ശതമാനമായി കുത്തനെ ഇടിഞ്ഞു. കേരളത്തിലെ അംഗങ്ങളിൽ യുവജനങ്ങളുടെ പ്രാതിനിധ്യം 23.79 ൽനിന്ന് 29.8 ശതമാനമായി ഉയർന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

പാർട്ടി അംഗങ്ങളുടെ മൊത്തം എണ്ണത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ കാര്യമായ കുറവുണ്ടായി. ബംഗാളും ത്രിപുരയും അടക്കമുള്ള സംസ്ഥാനങ്ങളിൽ അംഗങ്ങളുടെ എണ്ണം കുറഞ്ഞു. കേരളത്തിലും ബംഗാളിലും അംഗങ്ങൾ കൂടിയതാണ് അംഗസംഖ്യയിൽ മൊത്തം എണ്ണത്തിൽ വർധന കാണിക്കാൻ സഹായിച്ചത്. എന്നാൽ, കേരളത്തിൽ കാൻഡിഡേറ്റ് മെംബർമാർ ആകുന്നവരെ മുഴുവൻ പാർട്ടി അംഗങ്ങളാക്കാൻ കഴിയുന്നില്ലെന്നത് സംസ്ഥാന ഘടകത്തിന്റെ വീഴ്ചയായി റിപ്പോർട്ട് പറയുന്നു. കേരളത്തിൽ കാൻഡിഡേറ്റ് മെംബർമാർ ആവുന്നവരിൽ 22.8 ശതമാനം ആളുകൾ മെംബർമാർ ആകാതെ കഴിഞ്ഞുപോകുന്നു എന്നാണ് റിപ്പോർട്ടിലെ കണക്ക്.