പാനൂർ വിഷ്ണുപ്രിയ വധക്കേസ് ; പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ

vishnu priya

തലശേരി:മൊകെരി വള്ള്യായിയിലെ  വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി മാനന്തേരിയിലെ ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് തലശേരി അഡീഷന ജില്ലാ സെഷൻസ് കോടതി (ഒന്ന്) കണ്ടെത്തി. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ്  ജഡ്ജ് റൂബി.കെ. ജോസാണ് കേസ് പരിഗണിച്ചത്. പ്രൊസിക്യൂഷന്റെയും പ്രതിഭാഗം അഭിഭാഷകരുടെയും വാദം കേട്ടതിനു ശേഷം കോടതി കേസിലെ അന്തിമ വിധി തിങ്കളാഴ്ച്ച പറയും.

പ്രണയനൈരാശ്യത്തിന്‍റെ പകയിൽ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത് വള്ള്യായിയിലെ വിഷ്ണുപ്രിയയെ വീട്ടിൽ കയറി ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. നാടിനെ ഞെട്ടിച്ച ക്രൂര കൊലപാതകമാണ് 2022 ഒക്ടോബർ 22ന് പാനൂരിനടുത്തെ വള്ള്യായിയിൽ നടന്നത്. 

പാനൂ‍ർ വള്ള്യായിലെ വീട്ടിൽ മുറിയിലെ കിടക്കയിൽ   കിടന്ന് സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. 29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്.

വിഷ്ണുപ്രിയ ശ്യാംജിത്തുമായുളള സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു കൊലപാതകം. പൊന്നാനി സ്വദേശിയായ വിവിൻ രാജുമായി അവൾ അടുത്തതും ശ്യാംജിത്തിനെ പ്രകോപിപ്പിച്ചു.വീട്ടുകാർ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊലപ്പെടുത്തിയത്. കൊല നടത്തി മണിക്കൂറുകൾക്കുള്ളിൽ പ്രതിയായ ശ്യാംജിത്ത് അറസ്റ്റിലായിരുന്നു. ഇയാൾ കൂത്തുപറമ്പ് നഗരത്തിലെ കടയിൽ നിന്നാണ് കൃത്യം നടത്താനുള്ള ആയുധങ്ങൾ വാങ്ങിയതെന്നും തെളിഞ്ഞിരുന്നു. മാനന്തേരിയിലെ ഹോട്ടൽ ഉടമ ശശിധരന്റെ മകനാണ് ശ്യാംജിത്ത്. 

Tags