പാലക്കാട് ശ്രീനിവാസൻ വധക്കേസ് : ബൈക്ക് ഉടമയെ പോലീസ് ചോദ്യം ചെയ്യുന്നു

google news
police

പാലക്കാട്: ആർഎസ്‌എസ്‌ മുൻ ശാരീരിക് ശിക്ഷൺ പ്രമുഖായ പാലക്കാട് മേലാമുറിയിൽ ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച ബൈക്ക് ഉടമയെ പോലീസ് ചോദ്യം ചെയ്യുന്നു. ഒരു സ്‌ത്രീയുടെ പേരിലാണ് ബൈക്ക്. എന്നാൽ, ആർസി മാത്രമാണ് ഇപ്പോൾ തന്റെ പേരിൽ ഉള്ളതെന്നും ആരാണ് വാഹനം ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്നുമാണ് സ്‌ത്രീയുടെ മൊഴി. നർകോട്ടിക് സെൽ ഡിവൈഎഫ്‌പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

അതിനിടെ, ശ്രീനിവാസന്റെ മൃതദേഹത്തിലെ ഇൻക്വസ്‌റ്റ് പരിശോധനകൾ പൂർത്തിയായി. ഇയാളുടെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേറ്റിരുന്നു. ശരീരത്തിലാകെ പത്തോളം മുറിവുകളാണ് ഉള്ളത്. തലയിൽ മാത്രം മൂന്ന് വെട്ടുകൾ ഏറ്റിട്ടുണ്ട്. കാലിലും കൈയിലും ആഴത്തിലുള്ള മുറിവുകളും ഉണ്ട്. അതേസമയം, ശ്രീനിവാസനെ കൊലപ്പെടുത്തിയവരെ കുറിച്ച് വ്യക്‌തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൊലപാതകങ്ങൾ ആസൂത്രിതമാണന്നും എഡിജിപി പറഞ്ഞു.

ആർഎസ്‌എസ്‌ മുൻ ശാരീരിക് ശിക്ഷൺ പ്രമുഖായ പാലക്കാട് മേലാമുറിയിൽ ശ്രീനിവാസന്റെ കൊലപാതകം രാഷ്‌ട്രീയ വൈരാഗ്യം മൂലമെന്നാണ് പോലീസിന്റെ പ്രാഥമിക വിവര റിപ്പോർട് (എഫ്‌ഐആർ). പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പാറ ഏരിയാ പ്രസിഡണ്ടായ കുപ്പിയോട് സുബൈറിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ശ്രീനിവാസന്റെ കൊലപാതകം. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതികൾ എത്തിയതെന്നും എഫ്‌ഐആറിൽ പറയുന്നു.

വെള്ളിയാഴ്‌ച ഉച്ചക്ക് ഒന്നരയോടെ പള്ളിയിൽ നിന്ന് പിതാവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുബൈറിനെ കുപ്പിയോടിന് സമീപം കാറിടിച്ച് വീഴ്‌ത്തിയാണ് അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടുകാറുകളിൽ എത്തിയ അക്രമിസംഘം ബൈക്കിലിടിപ്പിച്ച കാർ ഉപേക്ഷിച്ച ശേഷം രണ്ടാമത്തെ കാറിൽ രക്ഷപെടുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുബൈർ മരിച്ചു.

Tags