പാലക്കാട്ടെ ഇരട്ടക്കൊലപാതകം ; എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തിൽ യോ​ഗം ചേരുന്നു
യുദ്ധം കൊവിഡിനെതിരെ, മറ്റ് വകുപ്പുകള്‍ക്കെതിരെയല്ലെന്ന് ഐജി വിജയ് സാക്കറെ

തിരുവനന്തപുരം : പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തിൽ പൊലീസ് യോ​ഗം ചേരുന്നു. കൂടുതൽ പൊലീസുകാരെ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്. ഉത്തരമേഖലാ ഐ.ജി അശോക് യാദവ്, എസ്.പി ആർ. വിശ്വനാഥ്, വിവിധ ഡിവൈ.എസ്.പിമാർ തുടങ്ങിയവരാണ് യോ​ഗത്തിൽ പങ്കെടുക്കുന്നത്. അന്വേഷണ പുരോ​ഗതിയും തുടർ നടപടികളും യോ​ഗത്തിൽ വിലയിരുത്തും.

എസ്ഡിപിഐ പ്രവർത്തകന്റെയും ആർഎസ്എസ് പ്രവർത്തകന്റെയും തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അക്രമി സംഘം മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസൻ നിന്ന കടയ്ക്കുള്ളിലേക്ക് വരുന്നതും, കൃത്യംനടത്തിയ ശേഷം മടങ്ങിപ്പോകുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.

പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുൻപാണ് നാടിനെ നടുക്കി വീണ്ടും അരുംകൊല നടന്നത്. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ സംഘം ശ്രീനിവാസനെ കടയിൽ കയറി വെട്ടുകയായിരുന്നു. സംഭവത്തിന് പിന്നിൽ എസ്ഡിപിഐയാണെന്നാണ് ബിജെപിയുടെ ആരോപണം.

Share this story