പാലക്കാട് കാട്ടുപന്നി ആക്രമണം: വയോധികയ്ക്ക് ഗുരുതര പരുക്ക്

google news
boar

പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതരമായ പരുക്ക്. സംഭവത്തെത്തുടര്‍ന്ന് വനം വകുപ്പ് രണ്ട് കാട്ടുപന്നികളെ വെടിവച്ച് കൊന്നു. കുഴല്‍മന്ദം കളപ്പെട്ടി വടവടി വെള്ള പുളിക്കളത്തില്‍ കൃഷ്ണന്റെ ഭാര്യ തത്ത(61)യ്ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. 

വീടിനു സമീപത്ത് വിറക് എടുക്കുന്നതിനിടെ പാഞ്ഞുവന്ന കാട്ടുപന്നി വീട്ടമ്മയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. നിലത്തു വീണ തത്തയുടെ വലതു മുട്ടിനു താഴെയായി പന്നി കടിച്ചു മുറിച്ചു പരുക്കേല്‍പ്പിച്ചു. കടിയേറ്റ് കാലിലെ എല്ല് മുറിഞ്ഞു. വീട്ടമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും പന്നി ഓടി രക്ഷപ്പെട്ടു.
ഉടന്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തത്തയെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വീട്ടമ്മയ്ക്കു നേരെയുണ്ടായ കാട്ടുപന്നി ആക്രമണത്തില്‍ നാട്ടുകാര്‍  പരിഭ്രാന്തിയിലായതോടെയാണ് ഇവയെ കൊല്ലുന്നതിന് ആവശ്യമായ നടപടികള്‍ വനം വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായത്. 

നടപടിക്രമങ്ങളുടെ ഭാഗമായി ലൈസന്‍സുള്ള പി. പൃഥ്വിരാജ്, എന്‍. വിജിത്ത്, വനം വകുപ്പ് വാച്ചര്‍ പി.കെ. സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നത്. പഞ്ചായത്ത് സെക്രട്ടറി പി. ചന്ദ്രലാല്‍, വൈസ് പ്രസിഡന്റ് കെ. ജയപ്രകാശ് എന്നിവരും സംഭവസ്ഥലം സന്ദര്‍ശിച്ചു.

Tags