'പാലക്കാട്ടെ ഭൂരിപക്ഷത്തിന്റെ ക്രെഡിറ്റ് എല്ലാ നാടകങ്ങളുടെയും സ്‌ക്രിപ്റ്റ് തയാറാക്കിയ മന്ത്രിക്കും അളിയനും' : വി.ഡി. സതീശൻ
കൊച്ചി : പാലക്കാട് പതിനയ്യായിരത്തിന് മുകളിലുള്ള ഭൂരിപക്ഷത്തിന്റെ ക്രെഡിറ്റ് പാലക്കാട്ടെ എല്ലാ നാടകങ്ങളുടെയും സ്‌ക്രിപ്റ്റ് തയാറാക്കിയ മന്ത്രിക്കും അളിയനുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഷാഫി പറമ്പില്‍ 2021-ല്‍ വിജയിച്ചതിന്റെ അഞ്ചിരട്ടിയോളം ഭൂരിപക്ഷത്തിനാണ് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത്.
ചേലക്കരയില്‍ 2021-ല്‍ എല്‍.ഡി.എഫിന് കിട്ടിയ നാല്‍പ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിന്നും ഇരുപത്തി എണ്ണായിരം വോട്ട് കുറക്കാന്‍ യു.ഡി.എഫിന്റെ പോരാട്ടത്തിന് കഴിഞ്ഞു. മൂന്നു വര്‍ഷത്തിനിടെ കേരളത്തില്‍ നിരവധി ഉപതെരഞ്ഞെടുപ്പുകള്‍ നടന്നു. തൃക്കാക്കരയില്‍ പി.ടി തോമസ് വിജയിച്ചതിന്റെ ഇരട്ടി ഭൂരിപക്ഷത്തിനാണ് ഉമ തോമസ് വിജയിച്ചത്.
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി വിജയിച്ചതിന്റെ നാലിരട്ടി ഭൂരിപക്ഷത്തിന് ചാണ്ടി ഉമ്മനും വിജയിച്ചു. പാലക്കാട് ഷാഫി പറമ്പില്‍ വിജയിച്ചതിന്റെ അഞ്ചിരട്ടിയോളം ഭൂരിപക്ഷത്തിന് അടുത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തി.
ചേലക്കരയിലെ ഭൂരിപക്ഷത്തില്‍ ഇരുപത്തിയെണ്ണായിരം വേട്ടിന്റെ കുറവുണ്ടായിട്ടും മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആളായ പൊതുമരാമത്ത് മന്ത്രി പറഞ്ഞത് പിണറായി വിജയന്‍ തിളങ്ങി നില്‍ക്കുന്നു എന്നാണ്. ഇത്രയും വലിയ തോല്‍വി ഉണ്ടായിട്ടും മുഖ്യമന്ത്രി എങ്ങനെയാണ് തിളങ്ങി നില്‍ക്കുന്നത്? ഭരണ വിരുദ്ധ വികാരം ഇല്ലെന്നാണ് സി.പി.എം അവകാശപ്പെടുന്നത്.
അങ്ങനെ തന്നെ വിശ്വസിച്ചാല്‍ മതി. കോണ്‍ഗ്രസില്‍ നിന്നും സീറ്റ് കിട്ടാതെ ബി.ജെ.പിയിലും സീറ്റ് അന്വേഷിച്ച് പോയ ആളെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ രണ്ടാം സ്ഥാനത്തിന് വേണ്ടിമത്സരിക്കാനുള്ള അവകാശമാണ് സി.പി.എം നഷ്ടപ്പെടുത്തിയത്. മൂന്നാം സ്ഥാനം ഉറപ്പിച്ചിട്ടും ബി.ജെ.പിയെ ദുര്‍ബലപ്പെടുത്താനല്ല, കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ദുര്‍ബലപ്പെടുത്തി ബി.ജെ.പിക്ക് വിജയം ഒരുക്കാനാണ് സി.പി.എം പരിശ്രമിച്ചത്.
സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചാണ് മത്സരിച്ചത്. അതുകൊണ്ടു തന്നെയാണ് പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടിയത്. പതിനായിരത്തിനും പതിനയ്യായിരത്തിനും ഇടയിലുള്ള ഭൂരിപക്ഷമാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. പതിനെണ്ണായിരം എന്ന ഭൂരിപക്ഷം ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും തിരഞ്ഞെടുപ്പ് നിയന്ത്രിച്ചവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്.
അവരാണ് ഈ തിരഞ്ഞെടുപ്പില്‍ ദുഷ്പ്രചരണങ്ങള്‍ നടത്തിയത്. അതിനെല്ലാമുള്ള മറുപടിയാണ് പാലക്കാട്ടെ ഭൂരിപക്ഷം. കോണ്‍ഗ്രസിനും യു.ഡി.എഫിനും മാത്രമെ കേരളത്തില്‍ ബി.ജെ.പിയെ പിടിച്ചുകെട്ടാന്‍ കഴിയൂവെന്നുള്ള പ്രഖ്യാപനം കൂടിയാണ് പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലമെന്ന് വി.ഡി സതീശൻ പറഞ്ഞു.