പാലക്കാട് ആക്രിസാധനങ്ങളുടെ ഗോഡൗണില്‍നിന്നും 2906 കിലോ ചന്ദനം പിടികൂടിയ സംഭവം : ഒരാള്‍ക്ക് കൂടി നേരിട്ട് പങ്കാളിത്തമെന്ന് കണ്ടെത്തല്‍

google news
arrest1

പാലക്കാട്: ഒറ്റപ്പാലം പാവുക്കോണത്ത് ആക്രിസാധനങ്ങളുടെ ഗോഡൗണില്‍നിന്നും 2906 കിലോ ചന്ദനം പിടികൂടിയ കേസില്‍ ഒരാള്‍ക്കു കൂടി നേരിട്ടു പങ്കാളിത്തമുണ്ടെന്ന് വനം വകുപ്പിന്റെ കണ്ടെത്തല്‍. നേരത്തെ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മൂന്നു പേരെ കോടതി മുഖേന കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. വില്‍പന ഇടപാടുകളില്‍ പങ്കാളിത്തമുണ്ടെന്നു സംശയിക്കുന്ന കൊപ്പം സ്വദേശിയെ കുറിച്ചാണ് അന്വേഷണം. ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.


പ്രതികളായ വാടാനാംകുറുശി പുതുക്കാട്ടില്‍ ഹസനെയും (42) പാവുക്കോണം അഷ്ടത്തുമന കോളനിയിലെ ധനേഷിനെയും (33) മൂലയില്‍ത്തൊടി രാധാകൃഷ്ണനെയും (48) കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു പൂര്‍ത്തിയാക്കിയശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കി. പാവുക്കോണം കേന്ദ്രീകരിച്ചു നടന്ന രണ്ട് വ്യത്യസ്ത ചന്ദന ഇടപാടു കേസുകളിലാണ് മൂവരും പോലീസിന്റെ പിടിയിലായത്. ഹസന്‍ ആക്രി ഗോഡൗണില്‍ 2906 കിലോ ചന്ദനം സൂക്ഷിച്ചതിനും ധനേഷും രാധാകൃഷ്ണനും സമീപത്തെ ക്വാറിയില്‍ നിന്നും ചന്ദനമരം മുറിച്ചുകടത്തിയ കേസിലുമാണ് രണ്ടാഴ്ച മുന്‍പ് ഒരേ ദിവസം പിടിയിലായത്.


പിന്നീട് വനം വകുപ്പ് നടത്തിയ വിശദമായ അന്വേഷണത്തില്‍ മൂവരും ഒരേ സംഘത്തിലെ കണ്ണികളാണെന്ന് വ്യക്തമായി. പട്ടാമ്പി പൂവക്കോട് വനമേഖലയില്‍നിന്നു ചന്ദനമരം മുറിച്ചു കടത്തിയതിനു പിന്നിലും ഇവരാണെന്ന് വനം വകുപ്പ് കണ്ടെത്തിയിരുന്നു. പിന്നീട് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലാണ് കൊപ്പം സ്വദേശിയായ നാലാമന്റെ പങ്കാളിത്തം സംബന്ധിച്ച വിവരം ലഭിച്ചത്.

Tags