പാലക്കാട് കുലുക്കല്ലൂർ പഞ്ചായത്തിൽ ഒരാഴ്ചക്കിടെ രണ്ടാമത്തെ കൊലപാതകം
crime

പട്ടാമ്പി : ഒരാഴ്ചക്കിടെയുണ്ടായ രണ്ട് കൊലപാതകത്തിന്റെ ആഘാതത്തിലാണ് കുലുക്കല്ലൂർ ഗ്രാമം. വണ്ടുംതറയിൽ വയോധികനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നതാണ് ആദ്യ കേസെങ്കിൽ മൊബൈലിൽ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് രണ്ടാമത്തേതിന് കാരണമായത്.

വിവാഹ ബ്രോക്കറായിരുന്ന വണ്ടുംതറ കടകത്തൊടി അബ്ബാസാണ് കഴിഞ്ഞ 26ന് അതിരാവിലെ വീട്ടിൽ കൊല്ലപ്പെട്ടത്. വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് പതിനായിരം രൂപ കൈപ്പറ്റി വാഗ്ദാന ലംഘനം നടത്തിയതിൽ പ്രകോപിതനായാണ് നെല്ലായ സ്വദേശി മുഹമ്മദലി അബ്ബാസിനെ വീട്ടുമുറ്റത്ത് കൊലപ്പെടുത്തിയത്. സംഭവത്തിന്റെ ആഘാതം വിട്ടുമാറും മുമ്പ് വിറകുകൊള്ളി കൊണ്ടുള്ള അനുജന്റെ അടിയേറ്റ് ജ്യേഷ്ഠൻ മരിച്ച ഞെട്ടിക്കുന്ന വാർത്തയാണ് ഗ്രാമത്തിന്റെ സമാധാനം കെടുത്തുന്നത്.

ഉമ്മയെ കാണാൻ ഊട്ടിയിൽ നിന്നെത്തിയ സൻഫർ സാബു എന്ന 40കാരനാണ് മാനസിക വെല്ലുവിളി നേരിടുന്ന അനുജനാൽ കൊല്ലപ്പെട്ടത്. ടി.വി ഇല്ലാത്ത വീട്ടിൽ മൊബൈലിൽ പാട്ടു വെച്ചുകിടക്കുകയായിരുന്ന സൻഫർ സാബുവും അനുജൻ സക്കീറും തമ്മിലുണ്ടായ കലഹമാണ് അടിയിലും മരണത്തിലും കലാശിച്ചത്. അറസ്റ്റിലായ പ്രതി സക്കീറിനെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
 

Share this story