വോട്ടെടുപ്പില്‍ ക്രമക്കേടുകള്‍ തടയാന്‍ എല്ലാ സംവിധാനങ്ങളും ഉറപ്പാക്കി : പാലക്കാട് ജില്ലാ കളക്ടര്‍
പാലക്കാട് : നവംബര്‍ 20 ന് നടക്കുന്ന വോട്ടെടുപ്പിൽ ക്രമക്കേടുകൾ തടയുന്നതിനായി എല്ലാ സംവിധാനങ്ങളും ഉറപ്പാക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചു. ജില്ലാ കളക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍, പാലക്കാട് മണ്ഡലത്തിലെ 184 ബൂത്തുകളിലെയും ബൂത്ത് ലവല്‍ ഓഫീസര്‍മാരുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളായ ബൂത്ത് ലവല്‍ ഏജന്റുമാരുടെയും യോഗം നവംബര്‍ 13, 14 തീയതികളിലായി വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കൂടിയിട്ടുള്ളതും വോട്ടെടുപ്പില്‍ ക്രമക്കേടുകള്‍ തടയുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ സംവിധാനങ്ങളും ഉറപ്പാക്കിയിട്ടുള്ളതുമാണ്.
കൂടാതെ 25.10.2024 നു പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക സൂക്ഷ്മമായി പരിശോധിച്ച്, പാലക്കാട് മണ്ഡലവുമായി അതിര്‍ത്തി പങ്കിടുന്ന കോങ്ങാട്, മലമ്പുഴ, തരൂര്‍, ചിറ്റൂര്‍, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ പേരുകള്‍, പാലക്കാട് മണ്ഡലത്തിലെ അതിര്‍ത്തി മേഖലയിലുള്ള 23 പോളിംഗ് സ്റ്റേഷനുകളില്‍ കടന്നുകൂടിയിട്ടുണ്ടോ എന്ന് പ്രത്യേകമായി പരിശോധിക്കുന്നതിനായി കലക്ടറേറ്റിലെ ഇരുപത്തഞ്ചോളം ഉദ്യോഗസ്ഥരെ നിയോഗിച്ച് 16.11.2024, 17.11.2024 തീയതികളില്‍ പ്രത്യേക സൂക്ഷ്മ പരിശോധനയും നടത്തിയിട്ടുള്ളതാണ്.
സാങ്കേതികപ്പിഴവുകള്‍ മൂലം ഒരു ബൂത്തിലെ വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പ് വന്നതോ, ഒരു മണ്ഡലത്തിലെ രണ്ടു ബൂത്തുകളില്‍ പേര് വന്നതോ ആയ ഒരു സമ്മതിദായകന് തന്റെ യഥാര്‍ത്ഥ താമസസ്ഥലം ഉള്‍പ്പെട്ട പോളിംഗ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമേ വോട്ടു രേഖപ്പെടുത്താനാവൂ. ഏതെങ്കിലും വ്യക്തി വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ക്കുന്നതിനായി അപേക്ഷിക്കുമ്പോള്‍ തന്റെ പേര് മറ്റൊരു മണ്ഡലത്തിലെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന സത്യവാങ്മൂലം പുതിയതായി പേര് ചേര്‍ക്കുവാനുള്ള ഫോം 6 അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്.
മറ്റൊരു മണ്ഡലത്തിലോ/ മറ്റൊരു പോളിംഗ് സ്റ്റേഷനിലെയോ വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരു വ്യക്തി താമസം മാറ്റുമ്പോള്‍ പുതുതായി താമസിക്കുന്ന മണ്ഡലത്തിന്റെ/ പോളിങ് സ്റ്റേഷന്റെ പരിധിയിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുവാന്‍ വേണ്ടി ഫോം 8 ലാണ് അപേക്ഷിക്കേണ്ടത്. അപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ പരിശോധിച്ച് ശരിയെന്നു ബോധ്യപ്പെടുന്ന പക്ഷം നിലവിലെ പോളിംഗ് സ്റ്റേഷനിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുകയും പഴയ വോട്ടര്‍ പട്ടികയില്‍ നിന്നും അയാളുടെ പേര് നീക്കം ചെയ്യുന്നതിനായുള്ള ഫോം 7 ആ മണ്ഡലത്തിന്റെ ERO ക്ക് നല്‍കുകയും അയാളുടെ പേര് ആ പട്ടികയില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്യും.
എന്നാല്‍ ഒരു വ്യക്തി ഇപ്രകാരം മറ്റൊരു മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ തന്റെ പേരുണ്ട് എന്ന കാര്യം മറച്ചു വച്ച്, ഒരു വോട്ടര്‍ പട്ടികയിലും തന്റെ പേര് ഇല്ല എന്ന വ്യാജ സത്യവാങ്മൂലം സഹിതം ഫോം 6 അപേക്ഷ സമര്‍പ്പിച്ചിട്ടാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ളത് എന്ന് തെളിയുന്ന പക്ഷം 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 31 പ്രകാരം ഒരു വര്‍ഷം വരെ തടവ് ശിക്ഷയോ, പിഴയോ രണ്ടും കൂടിയുള്ള ശിക്ഷയ്‌ക്കോ വിധേയമാകുന്നതാണ്.
അതുപോലെ വോട്ടെടുപ്പിന്റെ രഹസ്യ സ്വഭാവം ലംഘിക്കുകയോ, ആള്‍മാറാട്ടം നടത്തി വോട്ടു ചെയ്യുവാന്‍ ശ്രമിക്കുകയോ, വോട്ടെടുപ്പ് തടസ്സപ്പെടുത്തുകയോ തുടങ്ങിയ തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കുമെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ അനുശാസിക്കുന്ന ശിക്ഷ സ്വീകരിക്കുന്നതായിരിക്കും.
കൂടാതെ കള്ളവോട്ടും, ആള്‍മാറാട്ടവും തടയുന്നതിനും മറ്റുമായി ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും ലൈവ് വെബ്കാസ്റ്റിംഗ് ക്യാമറകള്‍ സ്ഥാപിക്കുകയും പ്രസ്തുത ലൈവ് വെബ്കാസ്റ്റിംഗ് സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി ജില്ലാ കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ച് ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ മറ്റൊരു മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേര് നിലനില്‍ക്കേ തെറ്റായ സത്യവാങ്മൂലം നല്‍കി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 056 പാലക്കാട് മണ്ഡലത്തില്‍ പേര് ചേര്‍ത്തിയിട്ടുള്ളതായി കണ്ടെത്തിയ വോട്ടര്‍മാര്‍ വോട്ടു ചെയ്തിട്ടുണ്ട് എന്ന് തെളിയുകയാണ് എങ്കില്‍ അത്തരക്കാര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമം 1950ല്‍ അനുശാസിക്കുന്നതനുസരിച്ചുള്ള കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.