അപകടത്തില്‍ പരുക്കേറ്റ ആദിവാസി ഊരുമൂപ്പനും മകനും ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി

google news
doctor

തൃശൂര്‍: പുത്തൂരില്‍ അപകടത്തില്‍ പരുക്കേറ്റ ആദിവാസി ഊരുമൂപ്പനും മകനും ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി. പുത്തൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോ. ഗിരീഷിനെതിരെയാണ് ആരോപണം. വല്ലൂര്‍ സ്വദേശികളായ രമേശനും വൈഷ്ണവുമാണ് അപകടത്തില്‍പ്പെട്ട് ചികിത്സ തേടിയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. 

രമേശനും മകന്‍ വൈഷ്ണവും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പുത്തൂരില്‍വച്ചാണ് അപകടം ഉണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെ ഇരുവരെയും പുത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഡോ. ഗീരീഷായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. പ്രാഥമിക ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒ.പി. സമയം കഴിഞ്ഞെന്നായിരുന്നു മറുപടി. അര മണിക്കൂര്‍ കാത്തുനിന്നു. തര്‍ക്കമായതോടെ ഡോക്ടര്‍ കാറെടുത്ത് പോയെന്നാണ് ഇരുവരുടെയും ആരോപണം.

പിന്നീട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചാണ് ഇരുവര്‍ക്കും ചികിത്സ നല്‍കിയത്. വൈഷ്ണവിന്റെ വലത് കൈയ്ക്ക് പൊട്ടലുണ്ട്. അച്ഛന്‍ രമേശനും പരുക്കുണ്ട്.വല്ലൂര്‍ ആദിവാസി ഊരിലെ മൂപ്പന്‍ കൂടിയാണ് കേരള പോലീസ്  അക്കാദമിയില്‍ ജോലിചെയ്യുന്ന രമേശ്. ഇരുവരും എത്തുമ്പോള്‍ താന്‍ മൂത്രമൊഴിക്കാന്‍ പോയിരിക്കുകയായിരുന്നു. 

തിരിച്ചെത്തിയപ്പോള്‍ വൈകിയെന്ന് ആരോപിച്ച് ബഹളം വയ്ക്കുന്നതാണ് കണ്ടതെന്നും നഴ്‌സുമാര്‍ ചികിത്സ നല്‍കാന്‍ തയാറായെങ്കിലും ഇരുവരും വഴങ്ങാതെ തിരിച്ച് പോവുകയായിരുന്നുവെന്നാണ് ഡോക്ടറുടെ വിശദീകരണം.  രമേശിന്റെ പരാതിയില്‍ ഒല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്. ചികിത്സ നിഷേധിച്ച ഡോക്ടര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

Tags