നേതാക്കൾ പറയും ശിങ്കിടികൾ നടപ്പാക്കും; തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ പ്രതികരിച്ച് പത്മജ വേണു​ഗോപാൽ

padmaja

തൃശൂർ: തൃശൂരിൽ പോസ്റ്ററിൽ വന്നവർ മാത്രമല്ല വില്ലന്മാർ, അവരുടെ ശിങ്കിടികളും വില്ലന്മാരായുണ്ടെന്ന് ബിജെപി നേതാവ് പത്മജ വേണു​ഗോപാൽ. നേതാക്കൾ പറയും ശിങ്കിടികൾ നടപ്പാക്കും. പറഞ്ഞത് കേട്ടില്ലെങ്കിൽ ദില്ലിയിലെ വലിയ നേതാവിന്റെ പേരും സംസ്ഥാനത്തെ ഒരു നേതാവിന്റെ പേരും പറയും. നേതാക്കൾ വന്നാൽ ‍ഡിസിസി പ്രസിഡന്റിനെ വരെ കാറിൽ കയറ്റാതെ ഇടിച്ചു കയറുമെന്നും പത്മജ ആരോപിച്ചു. തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ പ്രതികരിക്കുകയായിരുന്നു പത്മജ .  

തൃശ്ശൂരിൽ കെ മുരളീധരന്റെ തോൽവിക്ക് പിന്നാലെയാണ് ഗ്രൂപ്പ് തിരിഞ്ഞ് പോസ്റ്ററുകൾ പതിക്കുന്നത് ആരംഭിച്ചത്. ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂരിനും മുൻ എംപി ടിഎൻ പ്രതാപനുമെതിരെ കഴിഞ്ഞ ദിവസങ്ങളിലും പോസ്റ്റർ ഉയർന്നിരുന്നു. കെ മുരളീധരന്റെ തോൽവിക്ക് പിന്നാലെ തുടങ്ങിയ ചേരിപ്പോര് കഴിഞ്ഞ ദിവസം കയ്യാങ്കളിയിൽ കലാശിച്ചിരുന്നു. ഡിസിസിയിൽ കയ്യാങ്കളിയിൽ ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയുടെ പരാതിയിലാണ് കേസ്. 

Tags