സർക്കാരിനുള്ളത് വികസനത്തിന്റെ, നീതിയുടെ രാഷ്ട്രീയം; പി. എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വികസനത്തിന്റെയും നീതിയുടെയും രാഷ്ട്രീയമാണ് സർക്കാരിന്നുള്ളതെന്നും നാടിന്റെ വികസനത്തിനായി കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വാമനപുരം നിയോജകമണ്ഡലത്തില്‍ ആധുനിക രീതിയില്‍ നവീകരിച്ച കല്ലിയോട്-മൂന്നാനക്കുഴി റോഡിന്റെയും ആറ്റിന്‍പുറം പേരയം റോഡിന്റെയും ഉദ്ഘാടനം പനവൂര്‍ ജംഗ്ഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 50 ശതമാനം പൊതുമരാമത്തു റോഡുകളും ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമാണം പൂർത്തിയാക്കി. ബി.എം ആൻഡ് ബി.സി റോഡ് നിർമാണത്തിന് ചെലവ് അധികമാണ്. എങ്കിലും റോഡുകളുടെ ഗുണനിലവാരത്തിനും പൊതുജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി സർക്കാർ പ്രയത്നിക്കുകയാണ്. വാമനപുരം മണ്ഡലത്തിൽ ഒട്ടനവധി വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബി.എം ആൻഡ് ബി. സി നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയതാണ് രണ്ടു റോഡുകളും. 2021-22 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 3.75 കോടി രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതാണ് കല്ലിയോട്-മൂന്നാനക്കുഴി റോഡ്.
6.50 കോടിയാണ് ആറ്റിന്‍പുറം -പേരയം റോഡിന്റെ നിര്‍മാണത്തിന് ചെലവായത്. വാമനപുരം നിയോജക മണ്ഡലത്തിലെ പ്രധാന റോഡായ പനവൂർ -ആറ്റിൻപുറം റോഡിൽ നിന്നും തുടങ്ങി പേരയം - ത്രിവേണി ജംഗ്ഷനിൽ അവസാനിക്കുന്ന ഈ റോഡിന്റെ നീളം 4.2 കിലോമീറ്ററാണ്. ശരാശരി 5.5മീറ്റർ വീതിയിലാണ് റോഡ് നവീകരിച്ചിരിക്കുന്നത്.
ഡി.കെ മുരളി എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പനവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.മിനി, പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ അജിത്ത് രാമചന്ദ്രന്‍, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, ത്രതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.