പി ശശിയെ വിശ്വസിച്ച് തന്നെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന ചുമതല ഏല്‍പ്പിച്ചത് ; സജി ചെറിയാന്‍
വിവാദങ്ങള്‍ക്കിടെ പി ശശിയെ പുകഴ്ത്തി മന്ത്രി സജി ചെറിയാന്‍. പി ശശിയെ വിശ്വസിച്ച് തന്നെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന ചുമതല ഏല്‍പ്പിച്ചത്. മുഖ്യമന്ത്രിയെ ചതിക്കാനല്ല, സംരക്ഷിക്കാനാണ് ശശി അവിടെ ഇരിക്കുന്നത്. മുഖ്യമന്ത്രിയല്ല പാര്‍ട്ടിയാണ് ശശിയെ ചുമതലപ്പെടുത്തിയത്. ശശി അന്തസോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ശശിക്കെതിരായ ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ല. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെ. അന്‍വര്‍ ഏകപക്ഷീയ ഗോളാണ് അടിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.
ശശി ഇന്നുവരെ പാര്‍ട്ടിയെ ചതിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഒരു ഇഷ്യൂ പറയൂ എന്നും സജി ചെറിയാന്‍ ആവശ്യപ്പെട്ടു. തെറ്റ് ചെയ്ത ഒരാളെയും പാര്‍ട്ടി സംരക്ഷിക്കില്ല. എഡിജിപി എം ആര്‍ അജിത്കുമാറിനെതിരായ പരാതികള്‍ അന്വേഷിക്കുന്നുണ്ട്. അദ്ദേ?ഹത്തെ എന്തിന് സ്ഥാനത്തുനിന്ന് മാറ്റണം? ആര്‍എസ്എസ് നേതാവിനെ വ്യക്തിപരമായി കാണാന്‍ അയാള്‍ക്ക് അവകാശമുണ്ട്. പാര്‍ട്ടിക്ക് വേണ്ടി ഒരാളെയും കാണാന്‍ പറഞ്ഞിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസ്സില്‍ പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി കൊടുത്തില്ലേ. അത് നിങ്ങള്‍ ചോദ്യം ചെയ്‌തോ എന്നും സജി ചെറിയാന്‍ ചോദിച്ചു. സിപിഐക്ക് ഒരു പ്രശ്‌നവുമില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിച്ച് തന്നെ മുന്നോട്ട് പോകും. അടുത്ത തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.
കമ്മ്യൂണിസ്റ്റ് വിരുദ്ധത ഒരാള്‍ പറയാന്‍ തീരുമാനിച്ചാല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ഒത്തു കൂടുമെന്ന് ശശിക്കെതിരായ പരാതി വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് വിരുദ്ധ പറയുന്നതില്‍ സംതൃപ്തിയുള്ള ഒരുപാട് പേരുണ്ട്. അന്‍വറിന് സിപിഐഎം സംഘടനാ രീതി അറിയില്ല. പരാതി കൊടുത്തത് മുതല്‍ പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും കടന്നാക്രമിക്കുകയാണ്. പാര്‍ട്ടി പല പ്രതിസന്ധികളെയും അതിജീവിച്ചിട്ടുണ്ടെന്നും മലപ്പുറം ജില്ലയുണ്ടാക്കിയത് സിപിഐഎമ്മാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിച്ചു. മുഖ്യമന്ത്രിയെ ന്യൂനപക്ഷ വിരുദ്ധനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സജി ചെറിയാന്‍ ആരോപിച്ചു.