പി ശശി കാട്ടുകള്ളന്‍, മുഖ്യമന്ത്രിയെ കേരള ജനതയ്ക്ക് മുന്നില്‍ വികൃതമാക്കുന്നത് പി ശശിയെന്നും പി വി അന്‍വര്‍

pv anwar
pv anwar

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി അന്‍വര്‍ എംഎല്‍എ. പി ശശി കാട്ടുകള്ളനാണെന്നും അയാളാണ് മുഖ്യമന്ത്രിയെ കേരള ജനതയ്ക്ക് മുന്നില്‍ വികൃതമാക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. പി ശശിയും എഡിജിപി അജിത് കുമാറും ചതിക്കുമെന്ന് മുഖ്യമന്ത്രിയോട് താന്‍ മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞതാണ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയും താന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ കേട്ടഭാവം നടിച്ചില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു.

മറുനാടന്‍ ഷാജന്‍ സ്‌കറിയയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചത് എഡിജിപി അജിത് കുമാറും പി ശശിയുമാണ്. ഇക്കാര്യങ്ങള്‍ അടക്കം മുഖ്യമന്ത്രിയെ ബോധിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് ഒരു നിശ്വാസം മാത്രമാണ്. ഇങ്ങനെയൊക്കെ ആയാല്‍ എന്താണ് ചെയ്യുക എന്നും ചോദിച്ചു. തനിക്ക് ചിലത് പറയാനുണ്ടെന്ന് പറഞ്ഞപ്പോള്‍ പറയാന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെന്ന സൂര്യന്‍ കെട്ടുപോയെന്ന് താന്‍ പറഞ്ഞു. അതിന് കാരണക്കാരന്‍ പി ശശിയാണ്. കേരളീയ ജനസമൂഹത്തിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ഗ്രാഫ് താഴ്ന്നുവെന്നും താന്‍ പറഞ്ഞു. അപ്പോള്‍ തന്റെ തൊണ്ട ഇടറി. എട്ട് വര്‍ഷം ആ മനുഷ്യനെ താന്‍ സ്നേഹിച്ചു. ഏറ്റവും നല്ല കമ്മ്യൂണിസ്റ്റെന്ന് വിശ്വസിച്ചു. ഇതൊക്കെ പറഞ്ഞപ്പോള്‍ തന്റെ ഹൃദയം പൊട്ടി. താന്‍ കരഞ്ഞാണ് പുറത്തേക്കിറങ്ങിയതെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Tags