'ഉള്ളില്‍ ഒരു കോണ്‍ഗ്രസ്സുകാരന്‍ ഇപ്പോഴുമുണ്ട്'; കെ കരുണാകരന്‍റെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച് പി സരിന്‍
തൃശ്ശൂര്‍: നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപ് കരുണാകരന്‍റെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച് പാലക്കാട്ടെ ഇടത് സ്വതന്ത്രന്‍ പി സരിന്‍. മണ്ഡപത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചനയും നടത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ കരുണാകരന്‍റെ കുടുംബത്തെ അപമാനിച്ചെന്നും സ്മൃതി മണ്ഡപം സന്ദര്‍ശിക്കാന്‍ തയ്യാറായില്ലെന്നുമുള്ള ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സരിന്‍റെ സന്ദര്‍ശനം.
'കോൺഗ്രസ് ഒരേ സമയം ഉമ്മൻചാണ്ടിയുടെയും ലീഡറുടെയും ആണെന്ന് ജനങ്ങൾക്കറിയാം. കോൺഗ്രസിനകത്തെ പ്രശ്നങ്ങളുമായി സന്ദർശനത്തെ കൂട്ടി വായിക്കരുത്. കോൺഗ്രസിനകത്ത് ഇനി കോൺഗ്രസ് അവശേഷിക്കില്ല. യഥാർത്ഥ കോൺഗ്രസ് പുറത്തായിരിക്കും എന്ന് ചിത്രം കൃത്യമായി ആളുകളിലേക്ക് എത്തും' എന്ന സന്ദർശനത്തിന് ശേഷം സരിൻ പ്രതികരിച്ചു.
രാവിലെ എട്ടരയോടെയാണ് സ്മൃതിമണ്ഡപത്തില്‍ സന്ദര്‍ശനത്തിനായി സരിന്‍ എത്തിയത്. ഉള്ളില്‍ ഒരു കോണ്‍ഗ്രസ്സുകാരന്‍ ഇപ്പോഴുമുള്ളതിനാലാണ് കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ വന്നതെന്ന് സരിന്‍ പറഞ്ഞു. 'ഞാന്‍ ഒരുപാട് തവണ വന്ന ഇടമാണിത്. ആ ഇടത്തില്‍ ഒരിക്കല്‍ക്കൂടി വന്നു, കണ്ടു, പറയാനുള്ളത് പറഞ്ഞു. ഞാന്‍ ഇവിടെ എത്തുമ്പോള്‍ എന്റെ മനസ്സില്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു. രാഷ്ട്രീയമായി ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നതും ഒരു നിയോഗം പോലെ പാലക്കാട് തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയായതുമൊക്കെ ലീഡര്‍ എന്നുപറയുന്ന, കോണ്‍ഗ്രസ്സുകാരനായ കേരളത്തിന്റെ രാഷ്ട്രീയാചാര്യന്‍ ജീവിച്ചിരുന്നുവെങ്കില്‍ എങ്ങനെയായിരിക്കും വിലയിരുത്തുക എന്നതായിരുന്നു ഞാന്‍ ആലോചിച്ച ഒരുകാര്യം എന്നും അദ്ദേഹം പറഞ്ഞു.
'സ്വാഭാവികമായും കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയ ഒരാള്‍, ഉള്ളില്‍ ഇപ്പോഴും കോണ്‍ഗ്രസ്സുകാരനുണ്ട് എന്ന് തുറന്ന് സമ്മതിക്കുന്നതിന് ഒരു മടിയില്ലാത്ത ഒരാള്‍ക്ക് ലീഡറുടെയും പ്രിയപത്‌നി കല്യാണിക്കുട്ടിയമ്മയുടെയും അടുത്ത് എത്തുന്നതില്‍ യാതൊരു തടസ്സവുമില്ല എന്നാണ് എനിക്ക് ബോധ്യമായത്. ഇവിടെ സന്ദര്‍ശിക്കണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ ഇവിടേക്ക് വരുന്നതില്‍ നിന്ന് എന്നെയാരും തടഞ്ഞില്ല, വരരുത് എന്ന് പറഞ്ഞില്ല, കാരണം എന്റെയുള്ളിലെ കോണ്‍ഗ്രസ്സിന്റെ ബോധ്യം എത്രത്തോളം ശരിയായിരുന്നു എന്ന് തിരിച്ചറിയുന്നവര്‍ കോണ്‍ഗ്രസ്സിനകത്ത് ഇപ്പോഴുമുണ്ടാകാം' എന്നും സരിൻ കൂട്ടിച്ചേർത്തു.
'മുരളീമന്ദിരത്തിലേക്ക് വന്നവരെല്ലാം കൂട്ടമായാണ് വരുന്നത്. താൻ ഒറ്റയ്ക്കാണ് വന്നതെന്നും സരിൻ പറഞ്ഞു. ക്യാമറയ്ക്ക് മുൻപിൽ ഉമ്മൻചാണ്ടിയെ പോയി കണ്ടിട്ടില്ല എന്നേയുള്ളൂ. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ച ശേഷമുള്ള ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ആഴ്ചകളിൽ രാഷ്ട്രീയം കേരളത്തോട് പറഞ്ഞത്. വിദ്വേഷത്തിന്‍റെ കട തുറക്കാൻ സിപിഎമ്മിന് കഴിയില്ല.അതിന് കഴിയുന്നവരാണ് കോൺഗ്രസുകാരൻ എന്ന് പാലക്കാട് ജനത തെളിവോടുകൂടി മനസ്സിലാക്കിയിട്ടുണ്ടെന്നും സരിന്‍ പറഞ്ഞു.