വ്യാജഫോട്ടോ പ്രചരിപ്പിച്ച സംഭവം: ഇതുകൊണ്ടൊന്നും വടകരയിൽ ഇടം കിട്ടില്ല; കോൺഗ്രസിനെ വിമർശിച്ച് പി ജയരാജൻ

google news
p jayarajan

വടകരയിൽ ശൈലജ ടീച്ചർക്ക് ലഭിക്കുന്ന അഭൂതപൂർവ്വമായ ജനപിന്തുണയിൽ ബേജാറിലായ യുഡിഎഫ് നേതൃത്വം വ്യാജ പ്രചാരണം ആരംഭിച്ചിരിക്കുകയാണെന്ന് പി ജയരാജൻ. കഞ്ഞിക്കുഴി സതീശൻ മോഡൽ വ്യാജ പ്രചാരണം നടത്തിയാലൊന്നും വടകരയിൽ ഇടം കിട്ടില്ലെന്നും പി ജയരാജൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം 

വടകരയിൽ ശൈലജ ടീച്ചർക്ക് ലഭിക്കുന്ന അഭൂതപൂർവ്വമായ ജനപിന്തുണയിൽ ബേജാറിലായ യുഡിഎഫ് നേതൃത്വം വ്യാജ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്.മൈ ഡിയർ സുധാകരന്റെയും നവമാധ്യങ്ങളിൽ തെറിയഭിഷേകം നടത്തിയ പ്രതിപക്ഷ നേതാവിന്റെ അരുമ ശിഷ്യനായ വ്യാജ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റാണ് ഇതിന്റെ നേതൃത്വം.കഞ്ഞിക്കുഴി സതീശൻ മോഡൽ  വ്യാജ പ്രചാരണം നടത്തിയാലൊന്നും വടകരയിൽ ഇടം കിട്ടില്ലെന്ന് വിനീതമായി ഓർമ്മിപ്പിക്കട്ടെ..
ഇനി വസ്തുതയിലേക്ക്..
2017 സെപ്റ്റംബർ 7 സ: എം. എസ്‌ പ്രസാദ്‌ രക്തസാക്ഷിദിനത്തിനായി ഞാൻ  പെരുനാട്ടിൽ പോകുകയും  സ:പി എസ് മോഹനന്റെ  വീടിന്‌ മുൻവശത്ത്‌ നിന്ന് സഖാക്കൾ ചിത്രം പകർത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ദുഷ്ടലാക്കോടെ പാലത്തായി പീഡന കേസ്‌ പ്രതിയുടെ ചിത്രവുമായി മോർഫ്‌ ചെയ്ത്‌ ഈ ചിത്രം പ്രചരിപ്പിക്കുകയാണ്‌. 
ചിത്രത്തിൽ പാർട്ടി ഡിസി അംഗം പി എസ് മോഹനൻ  പെരുനാട്‌ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: റോബിൻ കെ. തോമസും വടശേരിക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: ബഞ്ചമിൻ ജോസ്‌ ജേക്കബും ആണ്‌ എന്നോടൊപ്പം  നിൽക്കുന്നത്‌. ഇതിൽ സ: റോബിന്റെ തല മാറ്റി പീഡന കേസ്‌ പ്രതിയുടെ ചിത്രവും വെച്ചാണ്‌‌ വ്യാജ പ്രചരണം അഴിച്ച്‌ വിടുന്നത്‌.
വടകര ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ ടീച്ചറെ വ്യക്തിഹത്യ നടത്തുന്ന പ്രചരണവും ഇതോടൊപ്പം കോൺഗ്രസ്സുകാർ ആരംഭിച്ചിട്ടുണ്ട്. പാലത്തായി പീഢന കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണ്. ഇരയായ കുട്ടിക്ക് നീതി കിട്ടുന്നതിനുള്ള നടപടികൾക്ക് നേതൃത്വം കൊടുത്തത് കുട്ടിയുടെ വീടിനടുത്തുള്ള നാട്ടുകാർ ചേർന്നുള്ള ആക്ഷൻ കമ്മിറ്റിയാണ്. അതിൻ്റെ ചെയർമാൻ മുസ്ലീം ലീഗിൻ്റെ നേതാവ് അഷറഫ് കുനിയിലും, കൺവീനർ സി. പി. ഐ.എം.  പാനൂർ ലോക്കൽ സെക്രട്ടറി എം.പി. ബൈജുവുമാണ്. ബി.ജെ.പി. ഒഴികെയുള്ള വിവിധ കക്ഷി നേതാക്കൾ അടങ്ങുന്ന കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്. ആ കമ്മറ്റി ഒറ്റ മനസ്സോടെയാണ് ഇരയുടെ കുടുംബത്തോടൊപ്പം പ്രവർത്തിച്ച് വരുന്നത്. അതിനാൽ ഇത്തരം നുണ പ്രചരണം നടത്തുന്ന വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ അനുചരന്മാരും വിവരദോഷികളുമായ കോൺഗ്രസ്സുകാരെ തിരുത്താൻ യു.ഡി.എഫ് നേതൃത്വം തയ്യാറാകണം.
ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടി കൈക്കൊള്ളുകയും ചെയ്യും.