രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനം അറിയിച്ച് എതിര്‍ സ്ഥാനാര്‍ത്ഥി ആനി രാജ

rahul gandhi

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ചരിത്ര വിജയം നേടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ആനി രാജ. ഇന്ത്യ മുന്നണി രാജ്യത്ത് വലിയ മുന്നേറ്റം നടത്തി. വര്‍ഗീയ ഫാഷിസ്റ്റ് അപകടം തിരിച്ചറിഞ്ഞ് ജനങ്ങള്‍ ഇന്‍ഡ്യ സഖ്യത്തിന് വോട്ട് ചെയ്തത് ആശ്വാസകരമാണ്. തന്നെ സ്ഥാനാര്‍ഥിയാക്കിയ പാര്‍ട്ടിയോടും മുന്നണിയോടും നന്ദി. സൗഹാര്‍ദപൂര്‍വം എന്നെ സ്വീകരിച്ച വയനാട്ടുകാര്‍ക്കും നന്ദി എന്നും ആനി രാജ പറഞ്ഞു.

വയനാട്ടില്‍ ഇത്തവണ 3,64,422 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുല്‍ ഗാന്ധി നേടിയത്. ആനി രാജ 2,83,023 വോട്ടും എന്‍ ഡി എ സ്ഥാനാര്‍ഥി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ 1,41,045 വോട്ടുകളും നേടി. 2019ലെ തിരഞ്ഞെടുപ്പില്‍ 4,31,770 വോട്ടിനായിരുന്നു രാഹുലിന്റെ ജയം. രാഹുല്‍ രണ്ടാമത് മത്സരിച്ച ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തിലും 3.83 ലക്ഷം വോട്ടുകള്‍ക്കാണ് ജയിച്ചത്. അതുകൊണ്ടുതന്നെ രാഹുലിന് ഒരു മണ്ഡലം ഒഴിയേണ്ട സാഹചര്യമുണ്ട്.

Tags