14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം : കിണറിൽ വീണ തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു
14-hour rescue operation

കൊല്ലം: ജില്ലയിലെ വെള്ളിമണിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി കിണർ ഇടിഞ്ഞു വീണ് മരിച്ചു. 14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് മൃതദേഹം പുറത്തെടുത്തത്. കൊല്ലം ജില്ലയിലെ എഴുകോൺ ഇരുമ്പനങ്ങാട് സ്വദേശി ഗിരീഷ് കുമാർ(47) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് അപകടം സംഭവിച്ചത്.

കിണര്‍ വൃത്തിയാക്കിയതിന് പിന്നാലെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ കിണറിനുള്ളിലെ കോൺക്രീറ്റ് തൊടികളും മണ്ണും ഗിരിഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അഗ്‌നിശമനാ സേനാംഗങ്ങള്‍ സ്‌ഥലത്ത് എത്തി മണ്ണുമാറ്റാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ മണ്ണ് ഇടിയാന്‍ തുടങ്ങിയതോടെ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചു. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് സമാന്തരമായി കുഴികുത്തിയാണ് അഗ്‌നിശമനാ സേനാംഗങ്ങള്‍ മൃതദേഹം പുറത്തെടുത്തത്.

അപകടം നടന്ന കിണറിന് 100 വർഷത്തെ പഴക്കം ഉണ്ടെന്നാണ് വ്യക്‌തമാകുന്നത്. കൂടാതെ വയലിന് സമീപത്തുള്ള ഈ കിണറിന് 28 തൊടികളും ഉണ്ട്.  മണ്ണിന് ഉറപ്പ് ഇല്ലാത്തതും കോൺക്രീറ്റ് തൊടികളുടെ ബലക്ഷയവുമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഗിരീഷിന്റെ മൃതദേഹം നിലവിൽ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ വ്യക്‌തമാക്കി.

Share this story