ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഗൂഗിളിൽ നിന്ന് കിട്ടിയ നമ്പറിൽ വിളിച്ചു; കണ്ണൂർ തോട്ടട സ്വദേശിക്ക് നഷ്ടമായത് 2,44,075 രൂപ

google.jpg

കണ്ണൂർ: ഓൺലൈൻ വഴിയുള്ള തട്ടിപ്പുകൾ തുടർക്കഥയാവുകയാണ്. ഓൺലൈനിൽ ഏതൊരു കാര്യം ചെയ്യുമ്പോഴും എന്തിനേറെ ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ പോലും ഏറെ ജാഗ്രതപാലിക്കേണ്ടിയിരിക്കുന്നു.  
ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഗൂഗിളിൽ സെർച്ച് ചെയ്ത് ലഭിച്ച ‘കസ്റ്റമർ കെയർ നമ്പറി’ൽ വിളിച്ച തോട്ടട സ്വദേശിക്ക് 2,44,075 രൂപയാണ്  നഷ്ടപ്പെട്ടത്. ‘കസ്റ്റമർ കെയറി’ൽ നിന്ന് നൽകിയ വാട്സാപ്പ് ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും എ.ടി.എം. കാർഡ് നമ്പറും നൽകിയതോടെയാണ് അക്കൗണ്ടിൽ നിന്ന്‌ പണം നഷ്ടമായത്.

അതുകൊണ്ടുതന്നെ ഗൂഗിളിൽ ആദ്യം വരുന്ന വിവരങ്ങളെ ആശ്രയിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകികഴിഞ്ഞു. ബന്ധപ്പെടാനുള്ള വിശദാംശങ്ങൾക്കായി സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഫോണിലൂടെ ബാങ്കിങ് വിശദാംശങ്ങൾ ചോദിച്ചാൽ നൽകരുത്. ഫോണിലൂടെ വ്യക്തിപരമായ വിവരങ്ങൾ നൽകാൻ ബാങ്കുകളോ സ്ഥാപനങ്ങളോ ആവശ്യപ്പെടുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.

വാരം സ്വദേശിക്ക് 21,000 രൂപ നഷ്ടപ്പെട്ടതായും സൈബർ പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് പുതുക്കാനാവശ്യപ്പെട്ട് ഇദ്ദേഹത്തിന് ഒരു ഫോൺ കോൾ വന്നു. അവർ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്തതിന്റെ അടുത്ത ദിവസം പണം നഷ്ടപ്പെടുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് ഡ്രസ് ഓർഡർ ചെയ്ത പാനൂർ സ്വദേശിക്കും പണം നഷ്ടമായി. 5,500 രൂപയാണ് അയച്ചുകൊടുത്തത്. നാളിതുവരെയായിട്ടും ലഭിക്കാത്തതിനാൽ പോലീസിൽ പരാതി നൽകുകയായിരുന്നു. 

ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയോ വേണമെന്നും പോലീസ് അറിയിച്ചു.

Tags