ഒടിപിയും ബാങ്കിങ്ങ് വിവരങ്ങളും പങ്കുവെച്ചു : കാസര്‍ഗോട്ടെ അധ്യാപികക്ക് നഷ്ടപ്പെട്ടത് 1.22 ലക്ഷം രൂപ

google news
online fraud

കാസർഗോഡ് : ഒടിപി ഉള്‍പ്പെടെയുള്ള ബാങ്കിംഗ് വിവരങ്ങള്‍ പങ്കുവെച്ച അധ്യാപികയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഏകദേശം 1.22 ലക്ഷം രൂപ നഷ്ടപ്പെട്ടു. കസ്റ്റമര്‍ സര്‍വീസ് പ്രതിനിധികളായി തെറ്റിദ്ധരിപ്പിച്ച സൈബര്‍ കുറ്റവാളികളോടാണ് അധ്യാപിക തന്റെ ബാങ്കിംഗ് വിവരങ്ങള്‍ പങ്കുവെച്ചത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) കാസര്‍കോട് ജില്ലയിലെ നീലേശ്വരം ശാഖയില്‍ നിന്ന് പണം മോഷ്ടിച്ച്‌ കൊല്‍ക്കത്തയിലെ ICICI ബാങ്കിലേക്ക് മാറ്റിയതായി കാസര്‍കോട് സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ അനൂപ് കുമാര്‍ പറഞ്ഞു. ദിവസങ്ങളോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് കുറ്റവാളികള്‍ തട്ടിപ്പ് നടത്തിയത്. മൂന്ന് തവണ ആവശ്യപ്പെട്ടതിനു ശേഷമാണ് അധ്യാപിക ഒടിപി (OTP) വിവരങ്ങള്‍ പങ്കുവെച്ചത്.

സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരം, അധ്യാപികയ്ക്ക് മെയ് ആദ്യവാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് അവരുടെ KYC (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) രേഖകള്‍ അപ്ഡേറ്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച്‌ ഒരു എസ്‌എംഎസ് ലഭിച്ചു. ഇത് നല്‍കിയില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നും എസ്‌എംഎസില്‍ പറഞ്ഞിരുന്നു. എസ്‌എംഎസിന്റെ അവസാന ഭാഗത്ത് 'ടീം എസ്ബിഐ' എന്ന് എഴുതിയിരുന്നു. ഒരു മൊബൈല്‍ നമ്പറും നല്‍കിയിരുന്നു.

മെയ് 4ന് എസ്‌എംഎസില്‍ നല്‍കിയ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് അധ്യാപിക വിളിച്ചു. തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് നമ്പര്‍, ബ്രാഞ്ചിന്റെ ഐഎഫ്‌എസ്‍സി, 16 അക്ക ഡെബിറ്റ് കാര്‍ഡ് നമ്ബര്‍, ഡെബിറ്റ് കാര്‍ഡിന്റെ പിന്നിലെ മൂന്നക്ക നമ്പറായ സിവിവി, എടിഎം പിന്‍ എന്നിവയും നല്‍കിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. എന്നാല്‍ പിന്നീട് സെര്‍വര്‍ തകരാറിലായെന്നും കെവൈസി അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയില്ലെന്നും അധ്യാപികയെ അറിയിച്ചു. അടുത്ത ദിവസം വിളിക്കാമെന്ന് അധ്യാപിക അവരോട് പറയുകയും ചെയ്തു.

അടുത്ത ദിവസവും വ്യാജ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് അധ്യാപികയെ വീണ്ടും വിളിച്ചു. ഇത്തവണയും മുമ്പ്‌ ചോദിച്ച അതേ വിവരങ്ങളും ഒടിപിയും അവര്‍ ആവശ്യപ്പെട്ടു. ഏകദേശം മൂന്ന് മിനിറ്റിന് ശേഷം എക്‌സിക്യൂട്ടീവ് വീണ്ടും ഒടിപി ആവശ്യപ്പെട്ടു. അധ്യാപിക രണ്ട് തവണ ഒടിപി നല്‍കുകയും ചെയ്തു. എന്നാല്‍, ഇതേത്തുടര്‍ന്ന് അവരുടെ അക്കൗണ്ടില്‍ നിന്ന് 99,899 രൂപയും 22,011 രൂപയും ഡെബിറ്റ് ചെയ്തതായി കാണിച്ച്‌ ഫോണിലേക്ക് രണ്ട് സന്ദേശങ്ങള്‍ ലഭിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ കേരളത്തിലെ രാജപുരത്ത് ദമ്പതികളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെടുക്കാന്‍ തട്ടിപ്പുകാര്‍ ഇതേ രീതി ഉപയോഗിച്ചതായി സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഈ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്തയിലെ ഐസിഐസിഐ ബാങ്കില്‍ പണം കണ്ടെത്തിയിട്ടുണ്ട്.

സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനായി എല്ലാ ഉപഭോക്താക്കളും അവരുടെ ഏറ്റവും പുതിയ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും വിലാസ തെളിവും അവരുടെ ബാങ്കുമായി പങ്കുവെയ്ക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. ബാങ്കിന്റെ കൈവശം അവരുടെ ഫോട്ടോകള്‍ ഉണ്ടായിരിക്കുമെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

Tags