വോട്ടെണ്ണല്‍ ദിവസം വീട്ടിലിരുന്ന് ടി വിയില്‍ ഫലം കാണുന്നതിന് പകരം പാര്‍ട്ടി ആസ്ഥാനങ്ങളിലെത്താന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം

CONGRESS

വോട്ടെണ്ണല്‍ ദിവസം വീട്ടിലിരുന്ന് ടി വിയില്‍ ഫലം കാണുന്നതിന് പകരം പാര്‍ട്ടി ആസ്ഥാനങ്ങളിലെത്താന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി കോണ്‍ഗ്രസ് നേതൃത്വം. വോട്ടെണ്ണലില്‍ ഉണ്ടാകുന്ന ക്രമക്കേടുകള്‍ തടയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി സി സി, പി സി സി ആസ്ഥാനങ്ങളില്‍ സജ്ജരായിരിക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാനങ്ങളുടെ ചുമതലയുള്ളവര്‍ക്ക് നിര്‍ദേശം നല്‍കി.

കോണ്‍ഗ്രസിന്റെ ഓഫീസുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും വോട്ടെണ്ണലില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവിടേക്ക് പ്രവര്‍ത്തകരെ എത്തിക്കാനുള്ള വാഹന സൗകര്യം ഒരുക്കണമെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കി.
വോട്ടെണ്ണല്‍ വിലയിരുത്താന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിങ് സെന്റര്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കും. ഏതെങ്കിലും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംശയാസ്പദമായ വല്ലതും സംഭവിച്ചാല്‍ ഫോണില്‍ റെക്കോഡ് ചെയ്ത് ആ വീഡിയോ അടിയന്തിരമായി +91 7982839236 എന്ന ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് അയക്കണം. വോട്ടെണ്ണലിലെ പൊരുത്തക്കേടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ +91 9560822897 എന്ന നമ്പറിലേക്കും അയക്കാം. ക്രമക്കേടുകള്‍ തടയാന്‍ അഭിഭാഷകരെ സജ്ജരാക്കി നിര്‍ത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Tags