എന്‍എസ്എസ് ദേശീയോദ്ഗ്രഥന ക്യാമ്പിന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ തുടക്കം

ssss

പെരിയ: രാജ്യത്തിന്റെ ഐക്യവും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതി നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ദേശീയോദ്ഗ്രഥന ക്യാമ്പിന് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ പ്രൗഢഗംഭീരമായ തുടക്കം. വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരും ഉള്‍പ്പെടെ 210 പേര്‍ പങ്കെടുക്കുന്ന ക്യാമ്പ് സബര്‍മതി ഹാളില്‍ നടന്ന ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗം പ്രൊഫ. കെ. അരുണ്‍കുമാര്‍, ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഷിജിന്‍ പറമ്പത്ത്, ബാങ്ക് ഓഫ് ബറോഡ റീജ്യണല്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബി. കണ്ണന്‍, സ്റ്റേറ്റ് എന്‍എസ്എസ് ഓഫീസര്‍ ഡോ. അന്‍സര്‍ ആര്‍.എന്‍, എന്‍എസ്എസ് റീജ്യണല്‍ ഡയറക്ടര്‍ പി.എന്‍. സന്തോഷ്, ക്യാമ്പ് കോര്‍ഡിനേറ്റര്‍  ഡോ. എസ്. അന്‍ബഴഗി എന്നിവര്‍ സംസാരിച്ചു.

കേന്ദ്ര യുവജന കാര്യ, കായിക മന്ത്രാലയം, നാഷണല്‍ സര്‍വ്വീസ് സ്‌കീം കേരള - ലക്ഷദ്വീപ് റീജ്യണല്‍ ഡയറക്ടറേറ്റ്, കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ എന്‍എസ്എസ് സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഏഴ് ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഹരിയാന, ഒഡീഷ, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ക്യാമ്പിന് ആവേശം പകര്‍ന്ന് വര്‍ണാഭമായ ഘോഷയാത്ര നടന്നു. ഡീന്‍ സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ പ്രൊഫ. മുത്തുകുമാര്‍ മുത്തുച്ചാമി ഫ്‌ലാഗ് ഓഫ് ചെയ്തു. വിവിധ സംസ്ഥാനങ്ങളുടെ കലാപരിപാടികളും അരങ്ങേറി. സെമിനാറുകള്‍, സംവാദം, വിവിധ മത്സരങ്ങള്‍, സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍, സന്ദര്‍ശനങ്ങള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. 22ന് സമാപിക്കും.
 

Tags