'നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടും', എസ് ശ്രീജിത്തിനെ മാറ്റിയതിന് പിന്നില്‍ ചരടുവലിച്ചത് പി ശശിയെന്ന് യൂത്ത് കോണ്‍ഗ്രസ്
nsnusoor

കൊച്ചി : ക്രൈം ബ്രാഞ്ച് മേധാവി എ ഡി ജി പി എസ് ശ്രീജിത്തിനെ നീക്കിയത് നടിയെ ആക്രമിച്ച കേസ് അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ പറഞ്ഞു.സിനിമകഥ തയ്യാറാക്കുന്നത് പോലെ ഏതോ ഒരാള്‍ ഇരുന്ന് തയ്യാറാക്കിയ തിരക്കഥയാണ് ഈ കേസ് അതില്‍ സര്‍ക്കാരിന്റെ ഭാഗം ആര് അഭിനയിക്കുമെന്ന കാര്യത്തില്‍ മാത്രമേ സംശയമുള്ളുവെന്നും നുസൂര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു നുസൂറിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ പൊലീസ് സേനയില്‍ അഴിച്ചുപണി നടന്നത്. ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും ജയില്‍ മേധാവിയെയും ട്രാന്‍സ്‌പോര്‍ട് കമ്മീഷണറെയുമാണ് മാറ്റിയത്. സുദേഷ് കുമാര്‍ ജയില്‍ മേധാവിയാകും. എസ് ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമിച്ചു. ജയില്‍ മേധാവി സ്ഥാനത്ത് നിന്ന് മാറുന്ന ഷെയ്ക്ക് ധര്‍വേസ് സാഹിബാണ് പുതിയ ക്രൈം ബ്രാഞ്ച് മേധാവി. ട്രാന്‍സ്‌പോര്‍ട് കമ്മീഷണറായിരുന്ന എം ആര്‍ അജിത് കുമാര്‍ വിജിലന്‍സ് മേധാവിയാകും.

നടിയെ ആക്രമിച്ച കേസ് വഴിത്തിരിവായി നില്‍ക്കുന്ന സമയത്താണ് ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റയിരിക്കുന്നത്. അതേസമയം, എസ് ശ്രീജിത്തിനെ മാറ്റിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം. പീഡിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പമല്ല, പീഡനത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് വ്യക്തമാക്കുന്നതാണ് എസ് ശ്രീജിത്തിനെ നീക്കിയ നടപടിയില്‍ നിന്ന് വ്യക്തമാക്കുന്നത്.

പി ശശി ആരാണെന്നും എന്താണെന്നും കേരളം കണ്ടതാണെന്നും നസൂര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് തുടങ്ങിവച്ച പോരാട്ടമാണിത്. അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.ദിലീപിന്റെ അഭിഭാഷകനെതിരായ ചോദ്യം ചെയ്യല്‍ നീക്കത്തെ തുടര്‍ന്നുള്ള പരാതികളാണ് ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റാന്‍ കാരണമെന്നാണ് സൂചന. ഇതിന് പുറമേ നടിയെ ആക്രമിച്ച കേസില്‍ എഡിജിപി ശ്രീജിത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരുന്നു.

അഡ്വ ഫിലിപ്പ് ടി വര്‍ഗ്ഗീസ് മുഖേനയാണ് സര്‍ക്കാരിന് പരാതി നല്‍കിയത്. അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് എ ഡി ജി പി ശ്രീജിത്ത് ഉള്‍പ്പെട്ട അന്വേഷണ സംഘത്തിനെതിരെ ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരിക്കുന്നത്. കേസിലെ പ്രതികളേയും ബന്ധുക്കളേയും ക്രൈബ്രാഞ്ച് അപമാനിക്കാന്‍ ശ്രമിക്കുന്നു. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ അന്വേഷണ സംഘം അപവാദ പ്രചാരണം നടത്തുകയാണെന്ന പരാതിയും ഉയര്‍ന്നിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച സംഭവത്തില്‍ നീതി പുലരും വരെ അതിജീവിതയ്‌ക്കൊപ്പം നിലകൊള്ളുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവം നീതിപുലരും വരെ അവരോടൊപ്പമേ നിലകൊള്ളാനാകൂ. വ്യക്തിപരമായും സംഘടനാപരമായും എന്തൊക്കെ ചെയ്യുവാന്‍ കഴിയും എന്നതിനെപ്പറ്റി സഹപ്രവര്‍ത്തകരുമായി കൂടിയാലോചിക്കേണ്ടതായുണ്ട്.

ഈ സംഭവം പുറം ലോകം അറിയുന്നത് തന്നെ 'നിലപാടുകളുടെ രാജകുമാരന്‍'എന്ന് ചെറുപ്പക്കാര്‍ പറയുന്ന മണ്മറഞ്ഞു പോയ നേതാവ് പി ടി തോമസ് ഉള്ളതുകൊണ്ട് തന്നെയാണ്.അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ നടിയോടൊപ്പം ന്യായവും ഉണ്ട് എന്ന് വിശ്വസിക്കുന്നു. ഇതില്‍ പ്രതികരിക്കണമോ എന്ന് പലപ്രാവശ്യം ആലോചിച്ചതാണ്.ഇത് നമ്മളെ ബാധിക്കുന്ന കാര്യമല്ല എന്ന തോന്നലാണ് ഇതുവരെ ഉണ്ടായിരുന്നത്. പക്ഷെ ഇപ്പോള്‍ പ്രതികരിക്കുന്നത് കുറ്റകൃത്യം ചെയ്തത് ഏത് 'വൈറ്റ് കോളര്‍ ഗോവിന്ദച്ചാമിമാര്‍' ആയാലും ശിക്ഷിക്കപ്പെടണം എന്നതുകൊണ്ട് തന്നെയാണ്- എന്‍ എസ് നസൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Share this story