രണ്ടാംക്ലാസുകാരുടെ കുഞ്ഞുകുറിപ്പുകൾ ഇനി ഒന്നാം ക്ലാസുകാർ പഠിക്കും
കോറോം മുത്തത്തി എൽപി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആദിദേവ് എഴുതിയ കുറിപ്പുകൾ ഇനി ഒന്നാം ക്ലാസുകാർ പഠിക്കും. ഇപ്പോൾ രണ്ടാം ക്ലാസിലെത്തിയ ആദിദേവിന്റെയും മറ്റു കൂട്ടുകാരുടെയുമ് കുറിപ്പുകൾ ചേർത്ത് അദ്ധ്യാപിക ടി വി സതിയുടെ നേതൃത്വത്തിൽ ഒരു ഡയറി തന്നെ തയാറാക്കി. കുഞ്ഞെഴുതുകൾ എന്ന പേരിൽ അവ പാഠഭാഗത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.
‘എൻ്റെ വീട്ടിലെ ചെടിയുടെ താഴെ ഓന്തിനെ കണ്ടു. ഞാൻ അതിനെ കുറച്ചു സമയം നോക്കി. അപ്പോൾ ഓന്ത് കുഴിയുണ്ടാക്കുന്നു. ഞാൻ അമ്മയോട് പറഞ്ഞു. അമ്മ പറഞ്ഞു “ഒന്നും ചെയ്യരുത്”. കുറേക്കഴിഞ്ഞ് നോക്കു മ്പോൾ കുഴിയിൽ കുറേ മുട്ട. പിന്നെ ഓന്ത് കുഴിയിലേക്ക് മണ്ണ് നിറച്ചു. അതിനുശേഷം അതിനെ കാണുന്നില്ല’ എന്നായിരുന്നു ആദിദേവിന്റെ കുറിപ്പ്.
ആദിദേവിന്റെ കുറിപ്പ് യുറീക്കയിലും അച്ചടിച്ച് വന്നിരുന്നു. ആദിദേവ് രണ്ടാം ക്ലാസിലും എഴുത്ത് തുടർന്നതോടെ പ്രധാനാധ്യാപകൻ പയ്യന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിലേക്കും എൻസിആർടിയിലേക്കും കുറിപ്പുകൾ അയച്ചതോടെ മലയാളം പാഠപുസ്തകമായി കേരളം പാഠാവലിയുടെ രണ്ടാം പതിപ്പിൽ ആദിദേവിന്റെ കുറിപ്പുകൾ കൂടെ ഉൾപ്പെടുത്തുകയായിരുന്നു.