നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ട്രെയിനി: 16 പേരെ ജര്‍മ്മനിയിലേക്ക് തിരഞ്ഞെടുത്തു

NORCA Triple Win Trainee: 16 selected for Germany
NORCA Triple Win Trainee: 16 selected for Germany


പ്ലസ്ടുവിനു ശേഷം ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ സൗജന്യ നഴ്‌സിംഗ് പഠനത്തിനും തുടര്‍ന്നു ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്കയുടെ ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ ഭാഗമായി 16 വിദ്യാര്‍ത്ഥികള യൂണിവേഴ്‌സിറ്റി ഓഫ് ലൗസിറ്റ് - കാള്‍തീം എംപ്ലോയര്‍ തിരഞ്ഞെടുത്തു. മുന്‍പ് അഭിമുഖം നടത്തി ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമില്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്നും 18 വിദ്യാര്‍ത്ഥികളാണ് എംപ്ലോയര്‍ അഭിമുഖങ്ങളില്‍ പങ്കെടുത്തത്. വിദ്യാര്‍ത്ഥികളെല്ലാം  മികച്ച നിലവാരം പുലര്‍ത്തിയെന്നും ജര്‍മ്മന്‍ സംഘം പറഞ്ഞു. 

നോര്‍ക്ക സെന്ററിലെത്തിയ ജര്‍മ്മനിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ലൗസിറ്റ് - കാള്‍തീം പ്രതിനിധിസംഘം നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. യൂണിവേഴ്സിറ്റി പ്രതിനിധികളായ അന്താരാഷ്ട്ര ട്രെയിനിംങ് ആന്റ് ഇന്റഗ്രേഷൻ പ്രോഗ്രാം ടീം ലീഡർ കാട്രിൻ പിഷോൺ (Katrin Pischon),  ഇന്റഗ്രേഷൻ ഓഫിസർ-നഴ്സിംഗ് അങ്കെ വെൻസ്കെ (Anke Wenske), ജര്‍മ്മന്‍ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുടെ (Bundesagentur für Arbeit) ഭാഗമായ സെൻട്രൽ ഫോറിന്‍ ആൻഡ് സ്പെഷലൈസ്ഡ് പ്ലേസ്മെന്റ് സർവീസ് (Zentrale Auslands- und Fachvermittlung-ZAV) പ്രതിനിധി മാർക്കസ് മത്തേസൻ (Markus Matthessen) എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. 

കേരളത്തില്‍ നിന്ന് വിദേശ ജോലി ലക്ഷ്യമിടുന്നവരുടെ പ്രിയപ്പെട്ട സ്ഥലമായി ജര്‍മ്മനി മാറിയെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി പറഞ്ഞു. കേരളത്തിലെയും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും നഴ്‌സിംഗ് കോളജുകളില്‍ നിന്ന് പ്രതിവര്‍ഷം 25,000 മലയാളികളാണ് നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കുന്നത്. നോര്‍ക്ക റൂട്ട്‌സിന്റെ വിദേശഭാഷാ പരിശീലന കേന്ദ്രമായ എന്‍ഐഎഫ്എല്ലും സ്വകാര്യ സ്ഥാപനങ്ങളും നല്‍കുന്ന സേവനം പ്രയോജനപ്പെടുത്തിയാണ് നഴ്‌സിംഗ് പാസായവര്‍ ജര്‍മ്മന്‍ ഭാഷ പഠിക്കുന്നത്. ജര്‍മ്മനിക്ക് ആവശ്യമുള്ള മികച്ച നഴ്‌സുമാരെ നല്‍കാന്‍ കേരളം പൂര്‍ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ വലിയ തൊഴില്‍ അവസരമാണ് കാത്തിരിക്കുന്നതെന്ന് കാട്രിൻ പിഷോൺ പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാരുടെ കുടുംബാംഗങ്ങള്‍ക്കും ജര്‍മ്മന്‍ ഭാഷാ പരിശീലനം നല്‍കുന്നത് ഉചിതമായിരിക്കുമെന്നും അവര്‍ പറഞ്ഞു. നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, ഹോം ഓതന്റിക്കേഷന്‍ ഓഫീസര്‍ എസ്.എച്ച്. ഷമീം ഖാന്‍, സെക്ഷന്‍ ഓഫീസര്‍ ബി. പ്രവീണ്‍, അസിസ്റ്റന്റ് എസ്. ഷീബ, ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ പ്രതിനിധികളായ നമിത, സുനീഷ് ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ്  ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

Tags

News Hub