എന്‍.കെ പ്രേമചന്ദ്രനെതിരെ വിവാദമുണ്ടാക്കുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാല്‍, ഇടതുപക്ഷ വര്‍ത്തമാനം പറയുകയും തീവ്ര വലതുപക്ഷ നിലപാടെടുക്കുകയും ചെയ്യുന്ന പാര്‍ട്ടിയായി സി.പി.എം ; പ്രതിപക്ഷ നേതാവ്
കണ്ണൂർ : ഇടതുപക്ഷ വര്‍ത്തമാനം പറയുകയും തീവ്ര വലതുപക്ഷ നിലപാടെടുക്കുകയും ചെയ്യുന്ന പാര്‍ട്ടിയായി സി.പി.എം മാറിയെന്ന് പ്രതിപക്ഷ നേതാവ് .വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് നിരന്തരമായി സംഭവിക്കുകയാണ്. ബത്തേരിയില്‍ മാത്രം അഞ്ച് കടുവകളെയാണ് കണ്ടത്. മാനന്തവാടിയില്‍ ഉള്‍പ്പെടെ ജനങ്ങള്‍ ഭീതിയിലാണ്. എന്നിട്ടും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ല. ജില്ലയുടെ ചാര്‍ജുള്ള വനംമന്ത്രി അങ്ങോട്ട് പോകുന്നു പോലുമില്ല.
കണ്ണൂരില്‍ ആന ചവിട്ടിക്കൊന്നയാളുടെ വിധവയ്ക്ക് ജോലി നല്‍കാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. കൃഷിനാശമുണ്ടായ 7000 കര്‍ഷകര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാനുള്ളത്. കഴിഞ്ഞ ഡിസംബര്‍ വരെയുള്ള 9 മാസത്തിനിടെ 85 പേരാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചത്. 2016 മുതല്‍ 909 പേരാണ് മരിച്ചത്. എന്നിട്ടും ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത് 48 കോടി രൂപമാത്രമാണ്. വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍നഷ്ടപ്പെടുന്നവരോടും കൃഷിയിടങ്ങള്‍ നഷ്ടപ്പെടുന്നവരെയും സര്‍ക്കാര്‍ നിസാരവത്ക്കരിക്കുകയാണ്.
അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരാണ്. അല്ലാതെ കര്‍ണാടകത്തില്‍ നിന്നും ആന ഇറങ്ങിയ കാര്യം സിദ്ധരാമയ്യ പിണറായിയെ വിളിച്ച് പറയണോ. എന്നിട്ടും ഒന്നും ചെയ്യില്ലെന്ന നിലപാടിലാണ് കേരള സര്‍ക്കാര്‍. ഒരു മാസമായി ആന കേരള വനമേഖലയില്‍ ഉണ്ടെന്ന് സംസ്ഥാന വനം വകുപ്പിന് അറിയാമായിരുന്നു. എന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.
കേരളത്തിലെ ജനങ്ങളാണ് ഇരകള്‍. അതുകൊണ്ടു തന്നെ കേരള സര്‍ക്കാരാണ് നടപടി സ്വീകരിക്കേണ്ടത്. ഭയമുള്ളതു കൊണ്ടാണ് ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നത്. വനം നിയമം കാലാനുസൃതമായ മാറ്റം വരുത്തണമെന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന് പ്രതിപക്ഷം പിന്തുണ നല്‍കും. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു പദ്ധതികളുമില്ല. ഇത്തരം വിഷയങ്ങള്‍ നിയമസഭയില്‍ പ്രതിപക്ഷം ഗൗരവത്തോടെ അവതരിപ്പിക്കുമ്പോള്‍ മന്ത്രിമാരുടെ മറുപടി കേട്ടാല്‍ തലയില്‍ കൈവയ്ക്കും. ഒരു വിഷയത്തിലും വനം വകുപ്പ് മന്ത്രിക്ക് വ്യക്തതയില്ല.
പിണറായിയെ രാഷ്ട്രീയമായി എതിര്‍ക്കുമ്പോഴും മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവും എം.എല്‍.എമാരും പങ്കെടുക്കാറുണ്ട്. അതു പോലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്കും ക്ഷണമുണ്ടായത്. മറ്റൊന്നും പറയാനില്ലാത്തതു കൊണ്ടാണ് സി.പി.എം ഇത് വിവാദമാക്കിയത്. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി വോട്ട് തട്ടാന്‍ ബി.ജെ.പി കളിക്കുന്ന അതേ കളിയാണ് കേരളത്തിലെ സി.പി.എമ്മും കളിക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിനുള്ള കളി സി.പി.എം കയ്യില്‍ വച്ചാല്‍ മതി. പ്രേമചന്ദ്രന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പാര്‍ലമെന്റേറിയനും ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ജനപ്രതിനിധിയുമാണ്.
അദ്ദേഹം പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചതില്‍ എന്ത് വിവാദമാണുള്ളത്? പ്രധാനമന്ത്രിയെ സ്വീകരിക്കാനും യാത്ര അയയ്ക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ പോയതില്‍ ഒരു തെറ്റുമില്ല. പക്ഷെ ആ നില്‍പ് സഹിക്കാന്‍ പറ്റില്ലെന്നു മാത്രമെ ഞങ്ങള്‍ പറഞ്ഞിട്ടുള്ളൂ.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യ സര്‍വകലാശാലകള്‍ സംബന്ധി ചര്‍ച്ച ഉയര്‍ന്നു വന്നപ്പോഴാണ് കൊച്ചുമകനാകാന്‍ പ്രായമുള്ള ആളെക്കൊണ്ട് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്ന ടി.പി ശ്രീനിവാസന്റെ വിട്ട് കരണത്തടിപ്പിച്ചത്. അന്ന് പിണറായി വിജയനായിരുന്നു പാര്‍ട്ടി സെക്രട്ടറി.
അതേ പിണറായി വിജയനാണ് ഇന്ന് മുഖ്യമന്ത്രി. സി.പി.എം അഖിലേന്ത്യാ സെക്രട്ടറി കഴിഞ്ഞ മാസം പറഞ്ഞതും സ്വകാര്യ സര്‍വകലാശാലകള്‍ പാടില്ലെന്നാണ്. എന്നിട്ടാണ് കേരളത്തിലെ സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ബജറ്റില്‍ സ്വകാര്യ സര്‍വകലാശാലകളം സ്വാഗതം ചെയ്യുന്നത്. ടി.പി ശ്രീനിവാസനോട് പിണറായി വിജയന്‍ മാപ്പ് പറഞ്ഞിട്ടു വേണം സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങാന്‍. ആര് ഏത് നല്ലകാര്യം കൊണ്ടു വന്നാലും അതിനെ എതിക്കും. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ കാര്യം നടപ്പാക്കും.
അതാണ് ഇപ്പോള്‍ നടക്കുന്നത്. സ്വാശ്രയ മേഖലയെ എതിര്‍ത്തവരാണിവര്‍. അതിന്റെ പേരിലാണ് കൂത്തുപറമ്പ് വെടിവയ്പ് ഉള്‍പ്പെടെ ഉണ്ടായത്. പുഷ്പന്റെ പേര് പറഞ്ഞ് എന്തുമാത്രം വോട്ട് ചോദിച്ചവരാണിവര്‍. അങ്ങനെയുള്ളവരാണ് എല്‍.ഡി.എഫിലോ സി.പി.എമ്മിലോ ചര്‍ച്ച ചെയ്യാതെ കേന്ദ്ര കമ്മിറ്റിയുടെനിലപാടിന് വിരുദ്ധമായ തീരുമാനം ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇടതുപക്ഷ വര്‍ത്തമാനം പറയുകയും തീവ്രവലതുപക്ഷ നിലപാടെടുക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സി.പി.എം.
കാല്‍ നൂറ്റാണ്ടിനിടെ കാസര്‍കോട് നടന്ന ഏറ്റവും വലിയ രാഷ്ട്രീയ സമ്മേളനമാണ് ഇന്നലെ സമരാഗ്നി ഉദ്ഘാടനത്തില്‍ കണ്ടത്. അറുപതിനായിരം വോട്ടിന് തോറ്റ മട്ടന്നൂരില്‍ പരിപാടിക്ക് എത്തിയ പകുതി പേരെ ഗ്രൗണ്ടില്‍ ഉള്‍ക്കൊള്ളിക്കാനായില്ല. കണ്ണൂരിലേക്ക് യാത്ര എത്തിയപ്പോള്‍ ജനപങ്കാളിത്തം എത്ര ഉണ്ടായിരുന്നു എന്നത് മാധ്യമങ്ങള്‍ കണ്ടതാണ്. കാസര്‍കോടും കണ്ണൂരും നടത്തിയ ജനകീയ ചര്‍ച്ചാ സദസുകളില്‍ പാവങ്ങളുടെ സങ്കടങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ കേട്ടത്. പെന്‍ഷന്‍ ഉള്‍പ്പെടെ ഒരു ആനുകൂല്യങ്ങളും കിട്ടുന്നില്ല. സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് 9 മാസമായി പെന്‍ഷനില്ല.
ദുര്‍ഭരണത്തിന്റെ ഇരകളായ പാവങ്ങളുമായുള്ള ആശയവിനിമയമാണ് നടന്നത്. ഇതാണ് നവകേരള സദസും സമരാഗ്നിയും തമ്മിലുള്ള വ്യത്യാസം. രാവിലെ വിഭവസമൃദ്ധമായ ബ്രേക്ക് ഫാസ്റ്റില്ലാതെ സാധാരണക്കാരുമായാണ് ഞങ്ങള്‍ സംവദിക്കുന്നത്. വന്ന എല്ലാവരെയും കണ്ടു. അല്ലാതെ മുഖ്യമന്ത്രിയെ പോലെ തെരഞ്ഞെടുക്കപ്പെട്ടവുമായി മാത്രമല്ല സംസാരിച്ചത്. ജനങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കും.