നിപ വൈറസ് ; സമ്പർക്കപട്ടികയിൽ 12 പാലക്കാട്ടുകാർ
പാലക്കാട് : മലപ്പുറത്ത് നിപ സ്ഥിരീകരിച്ച് 14 വയസ്സുകാരൻ മരിച്ച സാഹചര്യത്തിൽ കുട്ടിയുടെ പ്രാഥമിക, ദ്വിതീയ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട പാലക്കാട് ജില്ലയിലെ 12 പേർ നിരീക്ഷണത്തിൽ. ഇവർ ഐസലേഷനിലാണ്. മലപ്പുറം ജില്ലയോട് ചേർന്നുകിടക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ ജാഗ്രതയും ബോധവത്കരണവും ശക്തമാക്കിയിട്ടുണ്ട്.
നിരീക്ഷണത്തിലുള്ളവരെ രാവിലെയും വൈകീട്ടും ആരോഗ്യ പ്രവർത്തകർ ഫോണിലൂടെ ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കണമെന്ന് തിങ്കളാഴ്ച ചേർന്ന ജില്ലതല കോർ കമ്മിറ്റി യോഗം നിർദേശിച്ചു. ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
സംസ്ഥാനത്താകെ 350 പേരാണ് കുട്ടിയുടെ സമ്പർക്കപട്ടികയിലുള്ളത്. ഇതിൽ 68 ആരോഗ്യ പ്രവർത്തകരുണ്ട്. 101 പേർ ഹൈ റിസ്ക്ക് കാറ്റഗറിയിലാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കേരളത്തിൽ നിപ സ്ഥിരീകരിച്ചതോടെ സംസ്ഥാന അതിർത്തികളിൽ തമിഴ്നാട് പരിശോധന ശക്തമാക്കി. വാളയാർ, വേലന്താവളം, മീനാക്ഷിപുരം ഉൾപ്പെടെ 11 ചെക്ക്പോസ്റ്റുകളിലാണ് തമിഴ്നാട് ആരോഗ്യ വകുപ്പ് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയത്.
കേരളത്തിൽനിന്ന് ഇരുചക്രവാഹനങ്ങളിലും കാറിലും ബസിലും വരുന്ന യാത്രക്കാരെ പൂർണമായി പരിശോധിച്ചാണ് അതിർത്തി കടത്തിവിടുന്നത്. തെർമൽ സ്കാനർ ഉപയോഗിച്ച് യാത്രക്കാരുടെ പനി പരിശോധിക്കാനും ലക്ഷണങ്ങൾ കണ്ടാൽ 108 ആംബുലൻസിൽ കോയമ്പത്തൂർ സർക്കാർ ആശുപത്രിയിലെത്തിച്ച് സാമ്പിളുകൾ ശേഖരിച്ച് രോഗബാധയുണ്ടോ എന്നറിയാനുമുള്ള പരിശോധനയും ക്രമീകരിച്ചിട്ടുണ്ട്.
ഡോക്ടർമാർ, നഴ്സുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരുൾപ്പെടെ ആറും എട്ടും പേരടങ്ങുന്ന സംഘമാണ് ഓരോ ചെക്ക്പോസ്റ്റിലും നിരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കോയമ്പത്തൂരിന്റെയും കേരളത്തിന്റെയും അതിർത്തി ഗ്രാമങ്ങളിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.