എംഎല്‍എ വേട്ടയാടപ്പെടുന്നതില്‍ സങ്കടം; പി വി അന്‍വറിനെ കാണാനെത്തി നിലമ്പൂര്‍ ആയിഷ

Nilambur Ayisha visit PV Anvar
Nilambur Ayisha visit PV Anvar

നിലമ്പൂര്‍: സർക്കാരുമായും സി.പി.എമ്മുമായും ഇടഞ്ഞ് നിൽക്കുന്ന പി വി അന്‍വറിനെ കാണാനെത്തി നാടക കലാകാരി നിലമ്പൂര്‍ ആയിഷ. പി വി അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. എംഎല്‍എ വേട്ടയാടപ്പെടുന്നതില്‍ സങ്കടം ഉണ്ടെന്നും നേരിട്ട് കാര്യങ്ങള്‍ അറിയാന്‍ വേണ്ടി വന്നതാണെന്നും ആയിഷ വ്യക്തമാക്കി. മാപ്പിള പാട്ട് ഗായകന്‍ ബാപ്പു വെള്ളിപറമ്പും ആയിഷക്കൊപ്പം ഉണ്ടായിരുന്നു.

'ഐഷാത്ത എന്ന സഖാവ്‌ നിലമ്പൂർ ആയിഷ..മലബാറിലെ തലപ്പൊക്കമുള്ള വിപ്ലവകാരി..'എന്ന തലക്കെട്ടിൽ സന്ദർശനത്തിന്റെ വിഡിയോ അൻവർ തന്റെ ഫേസ്ബുക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ഒരു പരിപാടിക്ക് പോകുന്ന വഴിയാണ് അവർ തന്നെ കാണാൻ വന്നതെന്ന് അൻവർ വിഡിയോയിൽ പറയുന്നു. അൻവർ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങൾക്ക് 100 ശതമാനം പിന്തുണയുണ്ടെന്ന് നിലമ്പൂർ ആയിഷ പറഞ്ഞു. പ്രശസ്ത നാടക-ചലച്ചിത്ര കലാകാരിയായ നിലമ്പൂര്‍ ആയിഷ സിപിഐഎം സഹയാത്രികയാണ്. 

ഇടതുമുന്നണിയുടെ ഭാഗമായിരുന്ന പി വി അന്‍വര്‍ അഭിപ്രായഭിന്നതകളെ തുടര്‍ന്ന് സിപിഐഎം ബന്ധം ഉപേക്ഷിച്ചതിന് ശേഷം പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. തന്റെ ഇപ്പോഴത്തെ പോരാട്ടം രാഷ്ട്രീയ പാര്‍ട്ടിയായി മാറും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും മത്സരിക്കും. യുവാക്കളുടെ പിന്തുണ ലഭിക്കും. പരിപൂര്‍ണ്ണ മതേതര സ്വഭാവവുമുള്ള പാര്‍ട്ടി ആയിരിക്കും രൂപീകരിക്കുകയെന്നും അന്‍വര്‍ വ്യക്തമാക്കി.

Tags