നെന്മാറ വേല ഇന്ന്

nemmara

കേരളത്തിലെ ഏറ്റവും മനോഹരമായ ഉത്സവങ്ങളില്‍ ഒന്നായ പാലക്കാട്ടെ നെന്മാറ  വല്ലങ്ങി വേല ഇന്ന്. മധ്യകേരളത്തിലെ പ്രധാന ഉത്സവമായ നെന്മാറ വേലയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഗജവീരന്മാര്‍ക്കും കുടമാറ്റത്തിനുമൊപ്പം കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് നെന്മാറ വേലയുടെ മാത്രം അഴകാണ്. വൈകീട്ടും പുലര്‍ച്ചെയും നെന്മാറ  വല്ലങ്ങി ദേശങ്ങള്‍ മത്സരിച്ച് നടത്തുന്ന വെടിക്കെട്ട് കാണാന്‍ പതിനായിരങ്ങളാണ് ഇന്ന് നെന്മാറയിലേക്ക് വണ്ടി കയറുക. ഇന്ന് വൈകീട്ട് 6:30നും മൂന്നാം തീയതി പുലര്‍ച്ചെ 3:00 മണിക്കുമാണ് പ്രധാന വെടിക്കെട്ടുകള്‍ നടക്കുക. എല്ലാ വര്‍ഷവും മലയാള മാസമായ മീനത്തിലെ 20ാം ദിവസമാണ് വേല.

 നെല്ലിക്കുളങ്ങര ഭഗവതിയുടെ അധിപനായ ദേവിയുടെ ജന്മദിനമാണ് ഈ ഉത്സവം എന്നാണ് വിശ്വസം. പൂരത്തിനൊപ്പം വേലയുടെ പ്രധാന ആകര്‍ഷണം ഗംഭീര വെടിക്കെട്ടാണ്. ഗാംഭീര്യത്തിനും ആഡംബരത്തിനും പേരുകേട്ട നെന്മാറ വേല രണ്ട് ദേശങ്ങള്‍ തമ്മിലുള്ള സൗഹൃദ മത്സരം കൂടിയാണ്. മീനം ഒന്നിന് ആരംഭിക്കുന്ന ഉത്സവത്തിലെ പ്രധാന ആകര്‍ഷണം കുമ്മാട്ടി, കരിവേല തുടങ്ങിയ പരമ്പരാഗത നാടന്‍ കലകളുടെ വിവിധ രൂപങ്ങളാണ്.


വേലയോടനുബന്ധിച്ച് വെടിക്കെട്ടിന് ആദ്യം അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ അനുമതി ലഭിച്ചതായി ഇരുദേശങ്ങളിലെയും ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍ പിന്നീട് അറിയിക്കുകയായിരുന്നു. വെടിക്കെട്ടിന് എഡിഎമ്മിന്റെ അനുമതി ലഭിച്ചെന്നാണ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചത്. വെടിക്കെട്ടുമായി ബന്ധപ്പെട്ടുള്ള ന്യൂനതകള്‍ പരിഹരിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് അനുമതി. നടപടിയുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് ജില്ലാ പോലീസ് മേധാവി വെടിക്കെട്ട് നടത്തുന്ന സ്ഥലവും സമീപ പ്രദേശങ്ങളും പരിശോധിച്ചിരുന്നു.

Tags