നെല്ലിയാമ്പതിയില്‍ ഏഴ് മാസമായി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറില്ല

 forest

പാലക്കാട്: വനം ഡിവിഷനിലെ നെല്ലിയാമ്പതി വനം റെയ്ഞ്ചില്‍ ഓഫീസര്‍ ഇല്ലാതെ ഏഴ് മാസം. കഴിഞ്ഞ ഓഗസ്റ്റില്‍ ഡി.എഫ്.ഒ. ആയി സ്ഥാനകയറ്റം ലഭിച്ചതിനെത്തുടര്‍ന്ന് സ്ഥലം മാറിപ്പോയ കെ. അജയഘോഷിന് പകരം ആളെ നിയമിക്കാത്തതാണ് തസ്തിക ഒഴിഞ്ഞു കിടക്കാന്‍ കാരണം. കൊല്ലങ്കോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്കാണ് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. രണ്ട് ഓഫീസുകളിലെ ചുമതലയുള്ളതിനാല്‍ നെല്ലിയാമ്പതി റെയ്ഞ്ചിലെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ ഓഫീസര്‍ക്ക് കഴിയുന്നില്ല. സ്ഥിരം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഇല്ലാത്തതിനാല്‍ നെല്ലിയാമ്പതി വനം റെയ്ഞ്ച് ഓഫീസില്‍നിന്നുള്ള പല നടപടികളും വൈകുന്നതായി പരാതിയുണ്ട്.


വന്യജീവികള്‍ കൃഷിനാശം ഉണ്ടാക്കുമ്പോഴും വന്യജീവി ആക്രമണം ഉണ്ടാവുമ്പോഴും പരിശോധനയ്ക്കും പരിഹാരമാര്‍ഗങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കാനും ആളില്ലാത്ത സ്ഥിതിയാണ്. രണ്ടുമാസം മുമ്പ് നെല്ലിയാമ്പതിയില്‍ കാട്ടാന ചരിഞ്ഞപ്പോഴും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഈ ബുദ്ധിമുട്ട് നേരിട്ടിരുന്നു. നെല്ലിയാമ്പതിയിലേക്ക് വിറക്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനസാധനസാമഗ്രികള്‍ കൊണ്ടുപോകല്‍ തുടങ്ങിയവക്കുള്ള പാസ് നല്‍കാനും റെയ്ഞ്ച് ഓഫീസര്‍ ഇല്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. മലയോര മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കും മറ്റും ഭൂമി രജിസ്‌ട്രേഷന്‍, തണ്ടപ്പേര്‍ അനുവദിക്കല്‍, നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ പൊതു ആവശ്യങ്ങള്‍ക്കും സ്ഥിരം  റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഇല്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു.


വനം വകുപ്പ് നടപ്പിലാക്കുന്ന ഫയര്‍ലൈന്‍ നിര്‍മാണം, സൗരോര്‍ജ വൈദ്യുത വേലികളുടെ പരിപാലനം, ആദിവാസി ക്ഷേമം, വന്യമൃഗ ആക്രമണംമൂലമുള്ള നഷ്ടപരിഹാരം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് കാലതാമസം നേടിരുന്നത്. സാമ്പത്തിക വര്‍ഷം അവസാനമായതോടെ വകുപ്പ് തലത്തില്‍ തീര്‍പ്പാക്കേണ്ട നിരവധി നടപടിക്രമങ്ങള്‍ക്കും ഫണ്ട് വിനിയോഗത്തിനും സ്ഥിരം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നു. വിവിധ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായി നാല്‍പതോളെ പ്രൊബേഷന്‍ റെയ്ഞ്ച് ഓഫീസര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ട് മാസങ്ങളായിട്ടും ഒഴിഞ്ഞുകിടക്കുന്ന തസ്തികയില്‍ നിയമനം നടക്കുന്നില്ലെന്ന് പരാതിയുണ്ട്.

Tags