നെല്ലിയാമ്പതിയില്‍ വാന്‍ 15 അടി താഴ്ചയിലേക്ക് വീണു
van

 

പാലക്കാട്: നെല്ലിയാമ്പതിയില്‍ വാന്‍15 അടി താഴ്ചയിലേക്ക് വീണു. നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരത്തിന് പോയി മടങ്ങിവരുന്നവരുടെ വാഹനമാണ് പോത്തുണ്ടി വനം ചെക്ക്‌പോസ്റ്റിന് സമീപം വളവില്‍ നിയന്ത്രണം വിട്ട് ജലസേചന കനാല്‍ ഭാഗത്തെ 15 അടി താഴ്ചയിലേക്ക് പതിച്ചത്. 16 വാഹന യാത്രക്കാരും ഡ്രൈവറും ഉള്‍പ്പെടെ വാഹനം റോഡില്‍ നിന്ന് താഴ്ചയിലേക്ക് പതിച്ചെങ്കിലും മരങ്ങളും വന്‍ വള്ളിപ്പടര്‍പ്പുകളും ഉള്ള സ്ഥലമായതിനാല്‍ വാഹനം മറിയാതെ തങ്ങിനില്‍ക്കുകയായിരുന്നു.

യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ ഒരു വാതില്‍ മാത്രമുള്ള വാഹനമായതിനാല്‍ വാതില്‍ തുറക്കാന്‍ കഴിയാതിരുന്നത് അല്പനേരം ആശങ്ക ഉണ്ടാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. വനം ചെക്ക് പോസ്റ്റ് ജീവനക്കാരും വഴിയാത്രക്കാരും ചേര്‍ന്ന് യാത്രക്കാരെ വാഹനത്തിന് പുറത്തെത്തിച്ച് നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

കൊടുങ്ങല്ലൂര്‍ പൊരി ബസാര്‍ സ്വദേശികളായ അഷറഫ്, സഹോദരന്‍ മുഹമ്മദ് ഷഫീര്‍, എന്നിവരും കുടുംബാംഗങ്ങളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ദില്‍ഷാദ് (18), ഷൈല (44), വഹിദ (44), ഹസീന (43), നജ (19), ഫര്‍ഹാന്‍ (22), നിഹിയാന്‍ (10), അല്‍ നൂറ (14), മുഹമ്മദ് സബീബ് (10), സജിത (12) എന്നിവര്‍ക്കാണ് വാഹനത്തിനകത്ത് തട്ടിയും മറിഞ്ഞുവീണും പരുക്കുപറ്റിയത്. ആരുടെയും പരുക്ക്  ഗുരുതരമല്ല. നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം എല്ലാവരെയും മറ്റൊരു വാഹനത്തില്‍ തൃശൂരിലേക്ക് കൊണ്ടുപോയി.

പോത്തുണ്ടി ചെക്ക്‌പോസ്റ്റിന് സമീപത്തെ വളവ് സ്ഥിരം അപകടകേന്ദ്രമാണെന്ന് പോലീസും വനംവകുപ്പ് ജീവനക്കാരും പറഞ്ഞു. മുന്‍പും പലതവണ അപകടങ്ങള്‍ സംഭവിച്ച സ്ഥലമാണ്. മുന്‍പുണ്ടായ അപകടത്തില്‍ വാഹനങ്ങള്‍ താഴ്ചയിലേക്ക് പതിക്കാതിരിക്കാന്‍ നിര്‍മ്മിച്ച സിമന്റ് തിട്ട തകര്‍ന്നുപോയത്  പുനര്‍ നിര്‍മ്മിക്കാത്തത് വലിയ വളവില്‍ വാഹനങ്ങള്‍ താഴോട്ട് പതിക്കാന്‍ കാരണമായി.  
 

Share this story