നെടുമ്പാശ്ശേരിയിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
നെടുമ്പാശ്ശേരി: കുപ്രസിദ്ധ മോഷ്ടാവ് മാള കുന്നിശ്ശേരി കൊടിയൻ വീട്ടിൽ ജോമോൻ ദേവസിയെ (37) നെടുമ്പാശ്ശേരി പൊലീസ് പിടികൂടി.
അകപ്പറമ്പ് ഭാഗത്തെ ജിപ്പു വർക്കി എന്നയാളുടെ വീട്ടിൽനിന്ന് ഒരുലക്ഷത്തിലേറെ രൂപ മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്. വീടിന്റെ ജനൽ തുറന്ന് തോട്ടി ഉപയോഗിച്ച് ഒന്നാം നിലയിലെ പുറത്തേക്കുള്ള വാതിൽ തുറന്നാണ് അകത്തുകയറിയത്. മൂന്ന് മുറികളിലെ അലമാരകളിൽ സൂക്ഷിച്ച പണം എടുത്തശേഷം ഇയാൾ ഒളിവിൽ പോയി.
ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിൽ മാളയിലെ ആളൊഴിഞ്ഞ പ്രദേശത്തുനിന്നുമാണ് പിടികൂടിയത്.
ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2022 മുതൽ നാല് മോഷണങ്ങൾ നടത്തിയതായി പ്രതി സമ്മതിച്ചു. പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് രണ്ട് മോഷണം നടത്തിയതായും സമ്മതിച്ചു. ഇവിടെനിന്ന് മോഷ്ടിച്ച സ്വർണം പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തു. പ്രതിയെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ മോഷണം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.