നവീന്‍ ബാബുവിന്റെ മരണം: പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു
പത്തനംതിട്ടം: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം കോടതിയെ അറിയിച്ചു. പ്രതിക്ക് ഭരണതലത്തില്‍ വലിയ ബന്ധമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ ഹര്‍ജിയില്‍ പറയുന്നു. സിപിഐഎം നേതാവ് പ്രതിയായ കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല. നീതി ലഭിക്കണമെങ്കില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് കുടുംബം കോടതിയെ അറിയിച്ചു.
ഗുരുതരമായ ആരോപണമാണ് കുടുംബം ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ആത്മഹത്യ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് പെട്ടെന്ന് പൂര്‍ത്തിയാക്കി. ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നു, അതുണ്ടായില്ല. കുടുംബം എത്തുന്നതിന് മുന്‍പ് ഇന്‍ക്വസ്റ്റ് നടത്തി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കുടുംബം പറയുന്നു.
അതേസമയം, നവീന്‍ ബാബുവിന്റെ കേസില്‍തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജിയില്‍
അടുത്തമാസം മൂന്നിന് കോടതി വിധി പറയും. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതി പി പി ദിവ്യയുടെയും, സാക്ഷികളുടെയും ഫോണ്‍ കോള്‍ രേഖകള്‍, കളക്ടറേറ്റ്, റെയില്‍വേ സ്റ്റേഷന്‍ പരിസരം, ക്വാട്ടേഴ്സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവ ശേഖരിച്ച് സൂക്ഷിക്കണമെന്നാണ് ഹര്‍ജിലെ ആവശ്യം.